photo

നെടുമങ്ങാട്: പുലിപ്പാറ മൂത്താംകോണം കുന്നിൻമുകൾ അങ്കണവാടിക്ക് സമീപത്തായി മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ രംഗത്ത്. ജനവാസ കേന്ദ്രമായ ഇവിടെ അഞ്ച് സെന്റിലും മൂന്ന് സെന്റിലുമായി ഇരുനൂറോളം പട്ടികജാതി കുടുംബങ്ങളാണ് താമസിക്കുന്നത്. മുപ്പതോളം കുട്ടികൾ പഠിക്കുന്ന അങ്കണവാടിക്ക് സമീപത്താതായി സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ടവർ സ്ഥാപിക്കുന്നത്. ഫില്ലിംഗ് ജോലികൾ ആരംഭിച്ചതോടെ ജനവാസ കേന്ദ്രത്തിൽ നിന്ന് ടവർ മാറ്റി സ്ഥാപിക്കുന്നതിനായി കക്ഷി രാഷ്ട്രീയ ഭേദമെന്യേ അനിശ്ചിതകാല സമരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. കളക്ടറേറ്റ്, ശിശുക്ഷേമസമിതി, മനുഷ്യാവകാശ കമ്മിഷൻ, പട്ടികജാതി വികസന സമിതി, നഗരസഭാ സെക്രട്ടറി എന്നിവർക്ക് ഇതുസംബന്ധിച്ചുള്ള പരാതി നൽകിയെങ്കിലും ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആരോപിക്കുന്നു. കൗൺസിലർമാരായ ഉഷ, ഷീജ, മുൻ കൗൺസിലർ ടി. അർജുനൻ, ബി.ജെ.പി നേതാവ് നെടുമങ്ങാട് ശ്രീകുമാർ, പുലിപ്പാറ വിനോദ്, റഹീം, അജയകുമാർ, തുളസീധരൻ, അശോകൻ, ഗീത, അജിതകുമാരി എന്നിവരുടെ നേതൃത്വത്തിലുള്ള സമരസമിതിയാണ് അനിശ്ചിതകാല സമരത്തിന് നേതൃത്വം നൽകുന്നത്.