തിരുവനന്തപുരം: കൊടുങ്കാറ്റിന്റെ വേഗതയിൽ ഇന്ധന വില ഉയരുമ്പോൾ രാജ്യത്താകമാനം പ്രതിഷേധം ശക്തമായി തുടരുകയാണെങ്കിലും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും കണ്ട ഭാവം നടിക്കുന്നില്ലെന്ന് ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ അഭിപ്രായപ്പെട്ടു. ആർ.എസ്.പി വട്ടിയൂർക്കാവ് മണ്ഡലം പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിത്യോപയോഗ സാധനങ്ങളുടെ വില ജനത്തിന് താങ്ങാനാവാത്ത നിലയിലാണ്. പാചകവാതക വില അടിക്കടി വർദ്ധിപ്പിക്കുന്നതോടെ ജനങ്ങൾ പട്ടിണിയിലേക്ക് നീങ്ങുന്നു. പെട്രോളിയം ഉത്പന്നങ്ങൾക്ക് ജി.എസ്.ടി ഏർപ്പെടുത്തുന്നതിനെ ചെറുക്കുന്ന കേരളത്തിലെ ധനമന്ത്രിയുടെ പാർട്ടിക്കാർ ഇന്ധന വിലവർദ്ധനവിനെതിരെ തെരുവിലിറങ്ങി സമരം ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മറ്റി അംഗം പി. ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ജയകുമാർ, കിരൺ ജെ. നാരായണൻ, പി.എസ്. പ്രസാദ്, കുളക്കട പ്രസന്നൻ, തേക്കുംമൂട് സുമേഷ്, ആർ. ഗോപാലപ്പിള്ള , ആർ.എസ്. മായ, സതീന്ദ്രകുമാർ , അഡ്വ. അഭിലാഷ്, കുമാരപുരം ഗോപൻ എന്നിവർ സംസാരിച്ചു.