കാട്ടാക്കട: കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ കുട്ടിയാനകൾക്ക് വൈറസ് ബാധ. ഒരാഴ്ചക്ക് മുൻപാണ് അമ്പാട്ട് സ്റ്റേറ്റിലേ അരണ്ടൽ പ്രദേശത്ത് നിന്ന് കാപ്പുകാട് എത്തിച്ച ശ്രീക്കുട്ടി എന്ന കുട്ടിയാന ചരിഞ്ഞത്. ഹെർപിസ് എന്ന അപൂർവ വൈറസാണ് കുട്ടിയാനയെ ബാധിച്ചത് എന്നാണ് വിവരം. ഇപ്പോൾ ആനപരിപാലന കേന്ദ്രത്തിലെ കണ്ണൻ എന്ന ആനയും ഒപ്പം ആമിനയും നിരീക്ഷണത്തിലാണ്. ഇതിൽ കണ്ണന് വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതിനാൽ അവശതയിലുള്ള കുട്ടിയാനയ്ക്ക് ഡോ. ഷിജുവിന്റെ നേതൃത്വത്തിൽ പ്രതിരോധ മരുന്നുകൾ നൽകുകയുമാണ്. ഇ.ഇ.എച്ച്.വിയാണ് (എലിഫന്റ് എൻഡോതെലിയോട്രോപിക് ഹെർപെസ് വൈറസ്)​ ആനകളെ ബാധിച്ചത്. ഇത് കുട്ടിയാനകൾക്കാണ് കൂടുതൽ പ്രശ്നം സൃഷ്ടിക്കുക. ഈ വൈറസ് കുട്ടിയാനകളുടെ ആന്തരിക അവയവങ്ങൾക്കാണ് തകരാർ ഉണ്ടാകുന്നത്. അതേസമയം ഇവ മനുഷ്യനെ ബാധിക്കില്ല. എന്നാൽ മനുഷ്യർ വൈറസ് വാഹകർ ആകാനുള്ള സാദ്ധ്യതയുണ്ട്. മുതിർന്ന ആനകൾക്കും ഇവ കാര്യമായ പ്രശ്നം സൃഷ്ടിക്കാറില്ല എന്നാണ് പറയപ്പെടുന്നത്. വൈറസ് ബാധിച്ചാൽ ഇപ്പോൾ എസൈക്ലോവിയർ ഇൻജെക്ഷനാണ് നൽകുന്നത്. മൂന്നു വയസായ കണ്ണനെയും ഒന്നര വയസായ ആമിനയെയും കൂടാതെ റാണ (8), രാജ(6), അർജുൻ(5), പൊടിച്ചി(5), പൂർണ്ണ(4), മനു(4), മായ(3) എന്നിവയും അടുത്തിടെ വയനാട് നിന്നും എത്തിച്ച രാജു എന്ന ഒന്നര വയസുകാരനുമാണ് കാപ്പുകാട്ടെ കുട്ടിയാനകൾ.