snake

തിരുവനന്തപുരം: മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ഹർഷാദിന്റെ മൃതദേഹം കാട്ടാക്കടയിലെ വാടകവീട്ടിലെ കുടുസ്സു മുറിയിൽ പൊതുദർശത്തിന് വച്ചപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഭാര്യ ഷീജയും ഏകമകൻ അബിൻ ഹർഷാദും അന്ത്യയാത്ര നൽകിയത്. തങ്ങളുടെ ജീവിതത്തിലെ ഏകപ്രതീക്ഷ കെട്ടുപോയ ദുഃഖം താങ്ങാനാകാതെ ഹർഷാദിന്റെ ബാപ്പയും ഉമ്മയും സമീപത്ത് തളർന്നിരിക്കുകയായിരുന്നു.
'ഇനി ആർക്കും ഇങ്ങനെയൊരു ഗതി ഉണ്ടാകരുതേ ..." എന്ന് വിലപിച്ച ഷീജയുടെ വാക്കുകൾക്ക് മുന്നിൽ ഉത്തരമില്ലാതെ നിൽക്കുകയായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. വീട്ടിൽ അനുശോചനമറിയിച്ചെത്തിയവർക്ക് പൊള്ളുന്ന വേദനയായിരുന്നു ഈ വീട്ടിലെ രംഗം.

മൃഗശാലയിലെ അനിമൽ കീപ്പർ കാട്ടാക്കട കൂട്ടപ്പു അമ്പൂരി പ്ലാവിള വീട്ടിൽ ഹർഷാദ് (45 ) രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചതറിഞ്ഞ് കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കെ നിരവധി സുഹൃത്തുകളാണ് അവസാനമായി ഒരുനോക്കു കാണാൻ എത്തിയത്. ഐ.ബി.സതീഷ് എം.എൽ.എ, പാമ്പ് സംരക്ഷകൻ വാവ സുരേഷ് തുടങ്ങിയവർ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. നാല് മണിയോടെ വാടക വീട്ടിൽ എത്തിച്ച മൃതദേഹം പതിനഞ്ചു മിനിറ്റോളം പൊതുദർശനത്തിന് വച്ച ശേഷം ഖബറടക്കാനായി കൂട്ടപ്പു മുസ്ലിം ജുമാ അത്തിലെ ഖബർ സ്ഥാനിലേക്ക് കൊണ്ടുപോയി. ഒപ്പം വാടകവീട്ടിൽ നിന്ന് ഷീജയും മകൻ അബിൻ ഹർഷാദും ബാപ്പയും ഉമ്മയും അമ്പൂരിയിലെ ഷീജയുടെ വീട്ടിലേക്ക് യാത്രയായി. അഞ്ചരയോടെ മൃതദേഹം ഖബറടക്കി .