1

പൂവാർ: കടലിൽ അവശനിലയിൽ കണ്ട മത്സ്യത്തൊഴിലാളിയെ ലൈഫ്ഗാർഡും കോസ്റ്റൽ പൊലീസും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി.അടിമലത്തുറ ഫാത്തിമമാതാ പള്ളിക്ക് സമീപം സിനി ഹൗസിൽ സാബു സിലുവയ്യനെയാണ് (30) ലൈഫ്ഗാർഡ് വിർജിൻ, സന്തോഷ്, പൂവാർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ സിബിൻ, ജോൺ എന്നിവർ രക്ഷിച്ചത്. ഇന്നലെ വൈകിട്ട് 3.30 ഓടെ പൂവാർ പൊഴിക്കരയ്ക്ക് സമീപം കടലിൽ ഫൈബർ വള്ളത്തിൽ ഒരാൾ അലയുന്നത് ലൈഫ് ഗാർഡുകളുടെയും കോസ്റ്റൽ പൊലീസിന്റെയും ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഇവർ നാലുപേരും കടലിൽ ചാടി നീന്തി വള്ളത്തിന് അടുത്തെത്തി പ്ലാസ്റ്റിക്ക് വടം ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ കരയ്ക്കെത്തിക്കുകയായിരുന്നു.സാബു അവശനിലയിലായിരുന്നു. ഇന്നലെ വെളുപ്പിന് 2 മണിക്ക് വിഴിഞ്ഞത്തു നിന്നും ഒറ്റയ്ക്ക് മത്സ്യബന്ധനത്തിന് പുറപ്പെട്ടെന്നും ശക്തമായ കാറ്റിൽപ്പെട്ട് ദിശ മാറി പൂവാർ തീരത്ത് എത്തിയെന്നും സാബു പറഞ്ഞു. പൂവാർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ബന്ധുക്കളെ വിളിച്ചുവരുത്തി സാബുവിനെ മടക്കി അയച്ചു.