excise

പാറശാല: 4500 കുപ്പി വ്യാജമദ്യവുമായി രണ്ട് യുവാക്കൾ എക്‌സൈസിന്റെ പിടിയിലായി. പാറശാല ചെങ്കവിളയ്ക്ക് സമീപം ചാരോട്ടുകോണം സ്വദേശിയും സ്പിരിറ്റ് കേസ് ഉൾപ്പെടെ നിരവധി അബ്കാരി കേസുകളിലെ പ്രതിയുമായ പ്രശാന്ത് (29), ഊരമ്പ് ചൂഴാൽ സ്വദേശി സൂരജ് (28) എന്നിവരാണ് പിടിയിലായത്. അമരവിള ടോൾ ജംഗ്ഷനിൽ നെയ്യാറ്റിൻകര എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാക്കൾ പിടിയിലായത്. വാഹന പരിശോധനയിൽ പ്രതികളിൽ നിന്ന് 36 കുപ്പി വ്യാജ മദ്യം പിടിച്ചെടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സൂരജിന്റെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന വ്യാജമദ്യ ശേഖരത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് പ്രശാന്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 4500 കുപ്പി വ്യാജ മദ്യം കണ്ടെടുത്തുനു. പിടിച്ചെടുത്ത വ്യാജമദ്യത്തിന് വിപണിയിൽ 25 ലക്ഷം രൂപ വിലയുണ്ടെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ ജയശേഖർ, ഷാജു, സനൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, സതീഷ് കുമാർ, ടോണി, അരുൺ, സ്റ്റീഫൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

ഫോട്ടോ: 4500 കുപ്പി വ്യാജമദ്യവുമായി എക്‌സൈസ് പിടിയിലായ പ്രതികൾ