dddd

തിരുവനന്തപുരം: കൊവിഡ്‌ ബാധിച്ച്‌ അച്ഛൻ നഷ്ടപ്പെട്ടതോടെ ഒറ്റപ്പെട്ട അനിഷയും മൂന്നുചേച്ചിമാരും അമ്മയും ഇന്ന് മുതൽ കോട്ടൺഹിൽ എൽ.പി.സ്‌കൂളിന്റെ സംരക്ഷണയിൽ. എല്ലാ മാസവും അവർക്കാവശ്യമുള്ള ഭക്ഷണവസ്തുക്കൾ ഇഷ്ടമുള്ള കടയിൽ നിന്നും അവർക്ക്‌ വാങ്ങാം. തുക സ്‌കൂളിൽ നിന്നും കടയിൽ നൽകും. വിദ്യാഭ്യാസ വകുപ്പിനായി കോട്ടൺഹിൽ സ്‌കൂൾ ഇവരെ ഏറ്റെടുത്തെന്ന പ്രഖ്യാപനത്തിനുശേഷം ഈ മാസത്തെ ഭക്ഷ്യവസ്തുക്കൾ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുമ്പോൾ അനിഷയുടെ അമ്മ ഷീബയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കോട്ടൺഹിൽ എൽ.പി സ്‌കൂളിലെ മൂന്നാം ക്ലാസ്‌ വിദ്യാർത്ഥിനിയാണ് അനിഷ.

ഓട്ടോ ഡ്രൈവറായ പിതാവ് ഡട്ടു കൊവിഡ്‌ ബാധിച്ചു മാസങ്ങൾക്ക്‌ മുമ്പ്‌ മരിച്ചു. അമ്മയും 15 വയസിൽ താഴെയുള്ള നാല് പെൺമക്കളും എന്തുചെയ്യുമെന്നറിയാതെ ആശങ്കയിലായി കഴിയുമ്പോഴാണ് സ്‌കൂൾ അധികൃതർ തുണയായത്‌. സ്വന്തമായി വീടോ കിടക്കാൻ ഒരിടമോ അവർക്കില്ല. ഭക്ഷണത്തിനു പോലും വകയില്ലാത്ത അവസ്ഥ. രോഗിയായ ഷീബയ്ക്ക്‌ മരുന്നുവാങ്ങാനും കഴിയുന്നില്ല. ഈ അവസ്ഥ തിരിച്ചറിഞ്ഞ ഹെഡ്മാസ്റ്റർ വിവരം സ്കൂളിലെ അദ്ധ്യാപകരുമായും പി.ടി.എയുമായും പങ്കുവച്ചു. തുടർന്ന് " കൂടെയുണ്ട്‌ കോട്ടൺഹിൽ സ്കൂൾ" എന്ന ഒരു പദ്ധതിക്ക്‌ തന്നെ രൂപം നൽകി . ഒപ്പം സ്കൂളിൽ ഇപ്പോൾ പഠിക്കുന്ന 1200 കുട്ടികളിൽ വീട്ടിൽ ഡിജിറ്റൽ പഠന സൗകര്യം ഇല്ലാത്ത 68 കുട്ടികൾക്ക്‌ മൊബൈൽ ഫോൺ വാങ്ങി നൽകുകയും ചെയ്തു.

ഇന്നലെ സ്‌കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജു പദ്ധതി ഉദ്ഘാടനം ചെയ്തു. അനിഷയുടെ കുടുംബത്തിനു ആദ്യമാസത്തെ ചെലവായ 5000 രൂപ തന്റെ വകയായി തരുമെന്നും അദ്ദേഹം പറഞ്ഞു. ദത്തെടുക്കൽ പ്രഖ്യാപനം പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു നിർവഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എസ്‌.സന്തോഷ് കുമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ.എസ്. സുരേഷ്ബാബു, രാഖി രവികുമാർ,​ ഹെഡ്മാസ്റ്റർ കെ. ബുഹാരി പി.ടി.എ പ്രസിഡന്റ്‌ എസ്.എസ്. അനോജ്‌ എന്നിവർ പങ്കെടുത്തു.