കണിച്ചാർ: അണുങ്ങോടിൽ കാട്ടാനയിറങ്ങി വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. അണുങ്ങോട് സ്വദേശികളായ പാമ്പാറ പാപ്പച്ചൻ, പനച്ചിക്കൽ ജോസുകുട്ടി എന്നിവരുടെ കൃഷിയിടത്തിലാണ് ഇന്നലെ പുലർച്ചെ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചത്. പാമ്പാറ പാപ്പച്ചന്റെ കൃഷിയിടത്തിൽ രണ്ട് മാസം മുമ്പും കാട്ടാനകളിറങ്ങി നാശം വിതച്ചിരുന്നു. തെങ്ങുകളടക്കം നിരവധി കാർഷിക വിളകളാണ് അന്ന് നശിപ്പിച്ചത്. ഇത്തവണ വാഴ, തീറ്റപ്പുൽ, കൈതച്ചക്ക തുടങ്ങിയ വിളകളാണ് കൂടുതലായി നശിപ്പിച്ചിരിക്കുന്നത്. ആറളം ഫാമിലെ കൃഷിയിടങ്ങളിൽ വിവിധ മേഖലകളിലായി തമ്പടിച്ചിരുന്ന ഇരുപത്തിയൊന്ന് കാട്ടാനകളെ രണ്ടു ദിവസത്തെ തീവ്രപരിശ്രമത്തിലൂടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വനത്തിലേക്ക് തുരത്തിയത്. ഇതോടെ കാട്ടാനശല്യത്തിന് താത്കാലികമായെങ്കിലും പരിഹാരമായി എന്ന് കരുതിയെങ്കിലും മൂന്നാം ദിവസം ആനകൾ ജനവാസ മേഖലയിലേക്ക് തിരിച്ചു വന്നത് കർഷകരെ വീണ്ടും ആശങ്കയിലാക്കുകയാണ്. കാട്ടാനകളെ ഭയന്ന് പുലർച്ചെയുള്ള റബ്ബർ ടാപ്പിംഗ് മുടങ്ങുന്നു. ചേനയും ചേമ്പും ഉൾപ്പെടെയുള്ള വിളകൾ കാട്ടുപന്നികൾ നശിപ്പിക്കുന്നു. കുരങ്ങുകൾ തെങ്ങിലെ കരിക്കുകളും നശിപ്പിക്കുന്നു. ഇപ്രകാരം
രൂക്ഷമായ വന്യമൃഗശല്യത്താൽ ദിനംപ്രതി കൃഷിക്കാർ വലയുകയാണെന്നാണ് കർഷകനായ പാപ്പച്ചൻ പാമ്പാറ പറയുന്നത്.