കല്ലമ്പലം: വി. ജോയി എം.എൽ.എയുടെ ഇടപെടലിൽ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് വൈദ്യുതിയെത്തി. കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസിലെ അദ്ധ്യാപകരും പി.ടി.എയും അഡ്വ. വി. ജോയി എം.എൽ.എയോട് വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനാൽ ഓൺലൈൻ പഠനം മുടങ്ങിയ ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ മൂന്ന് കുട്ടികളുടെ കാര്യം ശ്രദ്ധയിൽപ്പെടുത്തുകയും എം.എൽ.എ അടിയന്തരമായി വൈദ്യുതി കണക്ഷൻ കൊടുക്കുന്നതിന് കെ.എസ്.ഇ.ബി പള്ളിക്കൽ സെക്ഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർക്ക് നിർദ്ദേശം നൽകുകയുമായിരുന്നു. തുടർന്ന് ദിവസങ്ങൾക്കുള്ളിൽ വേണ്ടുന്ന പോസ്റ്റുകൾ സ്ഥാപിച്ച് കുട്ടികളുടെ വീട്ടിൽ വൈദ്യുതി കണക്ഷൻ നൽകി. കഴിഞ്ഞ ദിവസം വീടുകളിൽ നടന്ന സ്വിച്ച് ഓൺ കർമ്മം വി. ജോയി എം.എൽ.എ നിർവഹിച്ചു. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ അൽത്താഫ്, അസിസ്റ്റന്റ് എൻജിനിയർ പ്രശാന്ത്, പൊതുപ്രവർത്തകരായ അൻസാരി, റഫീഖ് അജ്മൽ, നിസാർ എന്നിവരും അദ്ധ്യാപകരും പങ്കെടുത്തു.