nilamorukkunnu

കല്ലമ്പലം: നെൽകൃഷിയും പച്ചക്കറി കൃഷിയും നടത്തി മാതൃക കാട്ടിയ ചാങ്ങാട്ട് ഭഗവതി ക്ഷേത്രം ഭാരവാഹികൾ ബാക്കിയുള്ള ക്ഷേത്രം വക ഭൂമിയും സമ്പൂർണ തരിശുരഹിതമാക്കി കൃഷിയിറക്കിയതോടെ ക്ഷേത്ര ഭൂമി മുഴുവനും തരിശുരഹിത ഭൂമിയായി. ഒരേക്കറോളം വരുന്ന പാടത്ത് വർഷങ്ങളായി ഭാരവാഹികളുടെ നേതൃത്വത്തിൽ നെൽകൃഷി നടത്തി നൂറുമേനി കൊയ്തുവരികയാണ്. എന്നാൽ ഇതിന്റെ ഭാഗമായ 20 സെന്റ്‌ ഭൂമി ട്രാക്ടർ എത്തിക്കാൻ പറ്റാതെ കാട് പിടിച്ച നിലയിലായതിനാൽ ജോലിക്കാർ ദിവസങ്ങളോളം നിന്ന് കാട് വെട്ടിത്തെളിച്ചു. ഒടുവിൽ പരമ്പരാഗത രീതിയിൽ കാള പൂട്ടി നിലമൊരുക്കിയ ശേഷം ഞാറുനടുകയായിരുന്നു. പണ്ടുമുതലേ കൃഷിക്ക് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങളിൽ മുന്നിലായിരുന്ന ക്ഷേത്ര ഭാരവാഹികൾ പ്രസാദത്തിനൊപ്പം പച്ചക്കറി വിത്ത്, തൈകൾ, വൃക്ഷ തൈകൾ എന്നിവ നൽകി ഭക്തരെയും നാട്ടുകാരെയും കൃഷിയിലേക്ക് ആകർഷിക്കുന്നു. ഉത്സവങ്ങളിൽ ഹരിത ചട്ടങ്ങൾ പൂർണമായി പാലിച്ചതിന്റെ പേരിൽ ഹരിത കേരള മിഷൻ അവാർഡും ലഭിച്ചിരുന്നു. ഭാരവാഹികളായ പി. ജയേഷ്, അനൂപ്‌, അഭിലാഷ് ചാങ്ങാട്, ശശികുമാർ, വിനോദ് എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.