lock-down

തിരുവനന്തപുരം: വാരാന്ത്യ ലോക്ക്ഡൗണിൽ തലസ്ഥാനം ഇന്നലെ നിശ്ചലമായി. കഴിഞ്ഞ ആഴ്ചകളിൽ ലോക്ക് ഡൗണിൽ കൂടുതൽ ആളുകൾ പുറത്തിറങ്ങിയ സാഹചര്യത്തിൽ ഇത്തവണ പൊലീസിന്റെ കർശന പരിശോധനയുണ്ടായിരുന്നു.

എല്ലാ പ്രധാന സ്ഥലങ്ങളിലും രാവിലെ 8 മുതൽ പൊലീസ് പരിശോധന ആരംഭിച്ചു. നിയമം ലംഘിച്ചവർക്ക് പിഴ നൽകി. ഗ്രാമപരിധികളിലും നഗരപരിധികളിലും ജില്ലാ അതിർത്തികളിലും പൊലീസ് പരിശോധനയുണ്ടായിരുന്നു.

മെഡിക്കൽ സ്റ്റോറുകളും, പാൽ, പച്ചക്കറി, അവശ്യഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകളും മാത്രമേ തുറന്ന് പ്രവർത്തിച്ചുള്ളൂ. ഹോട്ടലുകളിൽ ടേക്ക് എവേ സംവിധാനം അനുവദിച്ചില്ല. ഹോം ഡെലിവറി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചായക്കടകൾ, തട്ടുകടകൾ എന്നിവ പ്രവർത്തിച്ചില്ല. തുറന്ന് പ്രവർത്തിക്കാൻ അനുവാദമുള്ള വ്യാപാര സ്ഥാപനങ്ങൾ സമയക്രമവും കൊവിഡ് പ്രോട്ടോക്കോളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി കൂടുതൽ പട്രോളിംഗ് സംഘങ്ങളെ എല്ലാ സ്റ്റേഷൻ പരിധികളിലും നിയോഗിച്ചിരുന്നു. നഗരാതിർത്തികൾ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ച് പരിശോധന നടത്തി. കൂടാതെ നഗരത്തിലെ എല്ലാ സ്റ്റേഷൻ പരിധികളിലുമുള്ള പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് 70 ചെക്കിംഗ് പോയിന്റുകളിലും പരിശോധനയുണ്ടായിരുന്നു.

ഇന്നലെ ജില്ലയിൽ രജിസ്റ്റർ ചെയ്തത് - 734 കേസുകൾ

പിടിച്ചെടുത്ത വാഹനങ്ങൾ - 374

അറസ്റ്റ് - 247 പേരെ