atm

ചിറയിൻകീഴ്: പെരുങ്ങുഴി എസ്.ബി.ഐ യുടെ എ.ടി.എം കൗണ്ടർ പ്രവർത്തിക്കാത്തത് ഉപഭോക്താക്കളെ വലയ്ക്കുന്നു. ദിനംപ്രതി നിരവധി പേർക്കാണ് പെരുങ്ങുഴി മേട ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഈ എ.ടി.എം കൗണ്ടർ പ്രയോജനപ്പെടുന്നത്. കൊവിഡ് കാലമായതിനാൽ ബാങ്കിലെ തിക്കും തിരക്കും ഒഴിവാക്കി പണം പിൻവലിക്കാൻ ഏറെ പ്രയോജനകരമായിരുന്ന എ.ടി.എം കൗണ്ടർ ആഴ്ചകലായി പ്രവർത്തിക്കാത്തതിൽ നാട്ടുകാർ ഏറെ വലയുകയാണ്. അഴൂർ ഗ്രാമപഞ്ചായത്തിലെ വാണിജ്യ കേന്ദ്രമായ പെരുങ്ങുഴി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഗ്രാമീൺബാങ്കിന്റെ പെരുങ്ങുഴി ബ്രാഞ്ചിന്റെ കീഴിൽ ഒരു എ.റ്റി.എം കൗണ്ടർ വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഈ മേഖലയിൽ ഏക ആശ്വാസമായ എ.ടി.എം കൗണ്ടർ കൂടി പ്രവർത്തിക്കാതായത്. പുതിയ മെഷീൻ ഉടൻ എത്തിച്ച് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് അധികൃതർ അറിയിക്കുമ്പോഴും ഈ കാത്തിരിപ്പ് എത്ര നാൾ തുടരേണ്ടിവരുമെന്ന ആശങ്കയിലാണ് നാട്ടുകാർ. നാട്ടുകാർക്ക് പുറമേ ഇതുവഴിയുളള യാത്രക്കാർക്കും ഏറെ പ്രയോജനമുളള എ.ടി.എം അടിയന്തരമായി പ്രവർത്തന സജ്ജമാക്കുന്നതിനുളള നടപടിക്രമങ്ങൾ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് പെരുങ്ങുഴി ക്ഷീരസംഘം പ്രസിഡന്റ് പ്രശാന്തൻ ആവശ്യപ്പെട്ടു.