വർക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ അച്യുതൻ മുക്ക്, പ്രാലേയഗിരി കുറ്റിക്കാട് ക്ഷേത്രം റോഡിൽ രാത്രിയും പകലും മദ്യപാനികളുടെയും കഞ്ചാവ് വില്പനക്കാരുടെയും ശല്യം വർധിച്ചുവരുന്നതായി പരാതി. മദ്യപിച്ച് ലക്ക് കെട്ട സാമൂഹ്യവിരുദ്ധർ കാൽനട യാത്രക്കാരെ അസഭ്യം വിളിക്കുകയും, കയ്യേറ്റം ചെയ്യാൻ മുതിരുന്നതായും പരാതിയുണ്ട്. സ്ത്രീകളടക്കമുള്ളവർക്ക് പകൽ നേരത്ത് പോലും ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥ. ദൂരസ്ഥലങ്ങളിൽ നിന്നും ഓട്ടോറിക്ഷകളിലും, ബൈക്കുകളിലുമെത്തുന്ന സംഘം രാത്രികാലങ്ങളിൽ സ്ത്രീകൾ താമസിക്കുന്ന വീടുകളിലേക്ക് കല്ലെറിയുന്നതായും പരാതിയുണ്ട്. അയിരൂർ പൊലീസിന്റെ പട്രോളിംഗ് സംവിധാനം ഈ ഭാഗത്തേക്ക് കൂടി വ്യാപിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.