v-muraleedharan

തിരുവനന്തപുരം: കരിപ്പൂർ സ്വർണക്കടത്തിലെ സി.പി.എം പങ്കാളിത്തം മറയ്ക്കാനും കൊവിഡ് മരണക്കണക്കിലെ കള്ളക്കളിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുമാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെ കൊടകര കവർച്ചാ കേസുമായി ബന്ധപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.

കരിപ്പൂരിൽ സ്വർണം തട്ടിയെടുത്തതും കൊടകരയിൽ മോഷണം നടത്തിയതും സി.പി.എം പാലൂട്ടി വളർത്തുന്ന ക്രിമിനൽ മാഫിയാ സംഘങ്ങളാണ്. ഇക്കാര്യം പുറത്ത് വന്നതിന്റെ ജാള്യത മറക്കാനാണ് കെ. സുരേന്ദ്രനെ കേസിലേക്ക് വലിച്ചിഴയ്ക്കുന്നത്. കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നുവെന്ന് ആരോപണമുയർത്തിയ സി.പി.എമ്മാണ് സംസ്ഥാന സർക്കാരിന് കീഴിലുള്ള അന്വേഷണ ഏജൻസിയെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നത്. ആയിരക്കണക്കിന് കോടികളുടെ മരം മുറിച്ച് കടത്തിയ കേസിലെ പ്രതികൾ നാട്ടിൽ സ്വൈരവിഹാരം നടത്തുമ്പോഴും ചെറുവിരലനക്കാൻ പൊലീസിനായിട്ടില്ല. സ്വർണക്കടത്ത് അന്വേഷണം കണ്ണൂരിലെ സി.പി.എം പാർട്ടി ഓഫീസുകളിലേക്കെത്തുന്നതിന്റെ വെപ്രാളമാണിപ്പോൾ കാണാനാവുന്നതെന്നും മന്ത്രി പറഞ്ഞു.