നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകരെ സഹായിക്കുന്നതിനായി രൂപീകരിച്ച കൊവിഡ് ബ്രിഗേഡ് സന്നദ്ധസേനയുടെ പ്രവ‌ർത്തനം 50 ദിവസം പൂർത്തിയാക്കി മുന്നോട്ട്. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെയാണ് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരെ സഹായിക്കാനായി "കൂടെയുണ്ട് നെയ്യാറ്റിൻകര, കൈവിടില്ല കെ. ആൻസലൻ" എന്ന ടാഗ് ലൈനുമായി സന്നദ്ധസേന രൂപീകരിച്ചത്. കെ. ആൻസലൻ എം.എൽ.എ യുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് രജിസ്റ്റർ ചെയ്തവരിൽ നിന്നാണ് സന്നദ്ധ പ്രവർത്തകരെ തിരഞ്ഞെടുത്തത്. 2 ഷിഫ്റ്റായാണ് സേനയുടെ പ്രവർത്തനം. ഓരോ ഷിഫ്റ്റിലും വാർഡിൽ 2 പേരും ഐ.സി.യുവിലും വാർഡിന് പുറത്ത് സാധനങ്ങൾ വാങ്ങി നൽകാനും കൊവിഡ് ഒ.പിയിൽ ഓരോ ആളുകൾ വീതമെന്ന നീലയിൽ 6 പേരാണ് പ്രവർത്തിച്ച് വരുന്നത്. കൂട്ടിരിപ്പുകാർ അനുവദനീയമല്ലാത്തതിനാൽ രോഗികളുടെ എല്ലാ കാര്യങ്ങളും സേനയാണ് ഏറ്റെടുത്ത് നടത്തുന്നത്. രോഗികൾക്ക് ഭക്ഷണം,കുടിവെളളം ഉൾപ്പെടെയുളളവ വാങ്ങി നൽകുക, എക്സ്റേയടക്കമുളള പരിശോധനകൾക്ക് കൊണ്ടുപോകാൻ സഹായിക്കുക തുടങ്ങിയ ജോലികളും പ്രവർത്തകർ ചെയ്യുന്നുണ്ട്. യാതൊരു പ്രതിഫലവും സ്വീകരിക്കാതെയാണ് സേനയുടെ പ്രവർത്തനം. രോഗികൾക്ക് സൗജന്യയാത്രയ്ക്കായി 2 വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിലവിൽ 75 പേരും സി.എഫ്.എൽ.ടി.സിയിൽ 18 പേരും ചികിത്സയിലുണ്ട്. ലോക്ക് ഡൗൺ നി‌ർദ്ദേശങ്ങൾ കർശനമായി പാലിച്ചും വാക്സിനേഷൻ പൂർത്തിയാക്കിയും കൊവിഡിൽ നിന്ന് പുറത്തുകടക്കാൻ എല്ലാവരും സഹകരിക്കണമെന്ന് കെ. ആൻസലൻ എം.എൽ.എ അഭ്യർത്ഥിച്ചു.