മടിക്കൈ(കാസർകോട്): നാടിനൊപ്പം വളർന്ന സഹകരണ സംഘത്തിന് സംസ്ഥാന സഹകരണ വകുപ്പിന്റെ അംഗീകാരം. 2019-20 വർഷത്തെ സംസ്ഥാനത്തെ മികച്ച പ്രാഥമിക വായ്പാ സഹകരണ സംഘങ്ങളിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് രണ്ടാം സ്ഥാനം. അന്തർ ദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്താണ് അവാർഡ് പ്രഖ്യാപിച്ചത്. സഹകരണ വകുപ്പിന് കീഴിലെ സ്ഥാപനങ്ങളുടെ ആകെ പ്രവർത്തനങ്ങൾ പ്രകാരമാണ് മൂല്യ നിർണയം നടത്തിയത്. സാമൂഹ്യ സുരക്ഷ, കാർഷികം, ബാങ്കിങ് ഇതര പ്രവർത്തനങ്ങൾ എന്നിവയെല്ലാം മൂല്യനിർണയ ഘടകങ്ങളായിരുന്നു.മടിക്കൈയിലെ കൃഷിക്കാരുടെ അഭിവൃദ്ധിക്കായി 1934 ൽ രജിസ്റ്റർ ചെയ്ത് 1935ലാണ് സംഘം പ്രവർത്തനം ആരംഭിച്ചത്.
1961ലാണ് മടിക്കൈ സഹകരണ ബാങ്കായി ഉയർത്തപ്പെടുകയും കല്ലിങ്കീൽ നിന്നും കാലത്തുങ്കാൽ പത്തായപ്പുരയിലേക്ക് മാറ്റി സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. 1986 ൽ അമ്പലത്തുകരയിൽ ഹെഡ് ഓഫീസ് തുടങ്ങിയ ബാങ്കിന് ബങ്കളം, ചാളക്കടവ്, കാഞ്ഞിരപ്പൊയിൽ, ചതുരക്കിണർ, എരിക്കുളം, മൂന്ന് റോഡ് എന്നിവിടങ്ങളിലായി ഏഴ് ബ്രാഞ്ചുകളുമുണ്ട്. 2019 മുതൽ പി. ബേബി ബാലകൃഷ്ണൻ പ്രസിഡന്റും ഒ. കുഞ്ഞികൃഷ്ണൻ വൈസ് പ്രസിഡന്റുമായ ബാങ്ക് ഭരണസമിതിയാണ് ഭരണചുമതല വഹിക്കുന്നത്. സെക്രട്ടറി പി. രമേശന്റെ നേതൃത്വത്തിലുള്ള ജീവനക്കാരുടെയും ഭരണസമിതിയുടെയും കൂട്ടായ പ്രവർത്തനമാണ് ഈ നേട്ടത്തിന് പിന്നിൽ. ബാങ്കിൽ നിലവിൽ 67 സ്ഥിരം ജീവനക്കാരും 20 താത്ക്കാലിക ജീവനക്കാരും 20 കമ്മീഷൻ ഏജന്റുമാരുമുണ്ട്. ബാങ്കിംഗ് മേഖലയ്ക്ക് പുറമെ ജനങ്ങളുടെ വിവിധ ആവശ്യങ്ങൾ കണ്ടറിഞ്ഞു ബാങ്കിംഗ് ഇതര മേഖലകളിൽ വൈവിദ്ധ്യവത്ക്കരണം നടപ്പാക്കിയിട്ടുണ്ട്. 11 മിനി സൂപ്പർ മാർക്കറ്റുകൾ, 10 സിമന്റ് ഡിപ്പോകൾ, ഏഴ് വളം ഡിപ്പോകൾ, നീതിസ്റ്റോർ, നീതി മെഡിക്കൽ ഷോപ്പ്, പെയിന്റ് ഹാർഡ്‌വേർസ് കട, ടൈൽസ് സാനിറ്ററി വെയർ ഷോറൂം, ഏഴ് റേഷൻ കടകൾ എന്നിവയും പ്രവർത്തിക്കുന്നുണ്ട്.
കൊപ്രാസംഭരണം, കശുവണ്ടി സംഭരണം തുടങ്ങിയവയും ബാങ്കിന് കീഴിൽ നടത്തിവരുന്നുണ്ട്. ഓണലൈൻ ബാങ്കിംഗ്, അംഗങ്ങൾക്ക് പെൻഷൻ തുടങ്ങിയവ നടപ്പാക്കി. കാർഷിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ബാങ്കിൽ 9051 എ ക്ലാസ് അംഗങ്ങളും 273.99 ലക്ഷം രൂപ ഓഹരി മൂലധനവും 125 കോടി നിക്ഷേപവും 106 കോടി വായ്പ ബാക്കി നില്പുമുണ്ട്. 11 കോടി രൂപ ജില്ലാ ബാങ്ക് വായ്പയുമുണ്ട്. 201819 വർഷം ബാങ്കിന്റെ ലാഭവിഹിതം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.
ബൈറ്റ്
ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി അവരോടൊപ്പം ചേർന്ന് നിന്നുകൊണ്ടാണ് ബാങ്ക് പ്രവർത്തിച്ചത്. നാടിനൊപ്പമാണ് ബാങ്കും വളർന്നത്. കൂട്ടായ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് സംസ്ഥാനതലത്തിൽ ലഭിച്ച ഈ ബഹുമതി. ഈ അംഗീകാരം നാട്ടുകാർക്കും സഹകാരികൾക്കും അംഗങ്ങൾക്കും സമർപ്പിക്കുന്നു
പി. ബേബി ബാലകൃഷ്ണൻ
പ്രസിഡന്റ്, മടിക്കൈ സർവീസ് സഹകരണ ബാങ്ക്