നെയ്യാറ്റിൻകര: കൊവിഡ് പ്രതിസന്ധികൾക്കിടയിലും കളക്ഷനിൽ വർദ്ധന നേടി നെയ്യാറ്റിൻകര ഡിപ്പോ. ഏറെ നാളുകൾക്ക് ശേഷമാണ് നാലര ലക്ഷത്തിലേക്ക് പ്രതിദിന കളക്ഷനെത്തിയത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം ഡിപ്പോയിൽ നിന്ന് അമ്പത്തിയാറ് സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്തു. 4.47ലക്ഷമാണ് ആകെ കളക്ഷൻ. നാൽപ്പത് ഓർഡിനറി, എട്ട് ഫാസ്റ്റ്, അഞ്ച് സൂപ്പർഫാസ്റ്റ്, മൂന്ന് ബോണ്ട് എന്നീ വിഭാഗങ്ങളിലായാണ് ബസുകൾ ക്രമീകരിച്ചത്. തിരുവനന്തപുരം - നെയ്യാറ്റിൻകര ദേശീയപാതയിലെ തിരക്ക് പരിഗണിച്ച് ഒമ്പത് ഓർഡിനറി ചെയിൻ സർവ്വീസുകൾ അഞ്ച് മിനിട്ട് ഇടവേളയിലും, അഞ്ച് ഫാസ്റ്റ് പാസഞ്ചറുകൾ അര മണിക്കൂർ ഇടവേളയിലും, മെഡിക്കൽ കോളേജിലേക്ക് ഒരു മണിക്കൂർ ഇടവിട്ടും ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. ബോണ്ട് സർവ്വീസുകൾ സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയ നെയ്യാറ്റിൻകര ഡിപ്പോയിൽ വിജയകരമായി ഒരു വർഷം പിന്നിട്ടു. ബോണ്ടിന്റെ വാർഷികം യാത്രക്കാരുടെയും ബോണ്ട് കോർഡിനേറ്റർ സുശീലൻ മണവാരിയുടെയും നേതൃത്വത്തിൽ മധുരവിതരണം നടന്നു. നെയ്യാറ്റിൻകരയിലെ ബോണ്ട് സർവീസിലെ സ്ഥിരം യാത്രക്കാർ ചേർന്ന് ഡിപ്പോക്ക് സമ്മാനിച്ച ഉപഹാരം എ.ടി.ഒ മുഹമ്മദ് ബഷീർ ഏറ്റുവാങ്ങി. ആവശ്യമായ സമയത്ത് യാത്രക്കാരുടെ ആവശ്യമനുസരിച്ച് സർവ്വീസുകൾ കൂട്ടാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. സർവ്വീസുകൾ സംബന്ധിച്ച അന്വേഷണങ്ങൾക്കും നിർദ്ദേശങ്ങൾക്കും 0471-2222243, 0471-2222225 എന്നീ നമ്പറുകളിലും, ബോണ്ട് സർവ്വീസുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 9400978103 എന്ന നമ്പറിലും ബന്ധപ്പെടാമെന്ന് എ.ടി.ഒ അറിയിച്ചു.