വർക്കല: വർക്കല നഗരസഭ പ്രദേശത്ത് കൊവിഡ് രോഗവ്യാപനത്തിന്റെ തോത് വർദ്ധിച്ചുവരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. ശനിയാഴ്ചത്തെ കണക്ക് പ്രകാരം വർക്കല നഗരസഭയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനമാണ്. ശനിയാഴ്ച 32 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 104 രോഗികളാണ് നഗരസഭ പ്രദേശത്തുള്ളത്. 7 വാർഡുകളിലാണ് രോഗവ്യാപനം കൂടുതലായുള്ളത്. വാർഡും രോഗികളുടെ എണ്ണവും ചുവടെ.
കുരക്കണ്ണി 11, വള്ളക്കടവ് 12, കണ്ണമ്പ 6, എം.ജി കോളനി 5, ചെറുകുന്നം 5, രാമന്തളി 8, മൈതാനം 7,
70 പേർ വീട്ടിലും, 23 പേർ സി.എഫ്.എൽ.ടി.സിയിലും കഴിയുന്നു. ശനിയാഴ്ച 60 പേർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റും, 68 പേർക്ക് ആന്റിജൻ ടെസ്റ്റും വർക്കല താലൂക്ക് ആശുപത്രിയിൽ നടത്തി. കൊവിഡിന്റ രണ്ടാം തരംഗം തുടങ്ങിയത് മുതൽ വർക്കല നഗരസഭ പ്രദേശത്ത് കൊവിഡ് വ്യാപനം ഓരോ ദിവസം കൂടുന്തോറും വർദ്ധിച്ചുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വർക്കല നഗരസഭ പ്രദേശം സി കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി അധികൃതർ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും രോഗവ്യാപനത്തിന്റെ തോത് കൂടുന്നത് പൊതു സമൂഹത്തിന്റെ ഇടയിൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. രോഗവ്യാപനം തടയാൻ വേണ്ടിയുള്ള നടപടികൾ കൂടുതൽ ഊർജിതപ്പെടുത്തണമെന്നാണ് പൊതുവേയുള്ള അഭിപ്രായം.