തിരുവനന്തപുരം: ഗ്രൂപ്പ് പോര് അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് നേതൃത്വത്തിൽ എത്തിയവരുടെ നീക്കങ്ങളും പഴയ രീതിയിൽ തന്നെയാകുന്നുവെന്ന് സംസ്ഥാന കോൺഗ്രസിൽ മുറുമുറുപ്പുകളുയരുന്നു. കെ.പി.സി.സി, ഡി.സി.സി പുന:സംഘടനാ ചർച്ചകൾ അണിയറയിൽ സജീവമാകുന്നതിനിടെയാണ് അസ്വസ്ഥത മുറുകുന്നത്. അതേസമയം, 14 ഡി.സി.സികളിലും അദ്ധ്യക്ഷപദവി കൈക്കലാക്കാൻ മുൻനിര നേതാക്കളുടെ പട തന്നെ രംഗത്തിറങ്ങിയതതും പ്രശ്നമാവുകയാണ്.
കെ. കരുണാകരന്റെ ഒപ്പമുണ്ടായിരുന്നവരെ തഴയുന്നതായി ആക്ഷേപമുയരുന്നു. പാർട്ടിയിലെയും മുന്നണിയിലെയും പുന:സംഘടനയുടെ ഭാഗമായി കെ. മുരളീധരൻ യു.ഡി.എഫ് കൺവീനറാകുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ആ സ്ഥാനത്തെത്തുന്നത് തടയാൻ പുതിയ നേതൃത്വം ഉൾപ്പെടെ എല്ലാവരും ഒന്നിച്ചെന്നാണ് വിമർശനം. മുല്ലപ്പള്ളി രാമചന്ദ്രൻ മാത്രമേ ഒന്നിലും ഇടപെടാതിരുന്നുള്ളൂ.
മുല്ലപ്പള്ളി കെ.പി.സി.സി അദ്ധ്യക്ഷനായിരിക്കെ, മുല്ലപ്പള്ളി - രമേശ് - ഉമ്മൻ ചാണ്ടി ത്രയം കാര്യങ്ങൾ നിയന്ത്രിക്കുന്നുവെന്ന് ആക്ഷേപിച്ചവർ നേതൃത്വത്തിൽ എത്തിയപ്പോൾ അതേ നില തന്നെ തുടരുന്നുവെന്ന പരാതിയും ഉയരുകയാണ്. എല്ലാ വിഭാഗങ്ങളുടെയും സഹകരണം ഉറപ്പാക്കുന്നില്ല. കെ. മുരളീധരനെ പോലൊരു ജനകീയനെ പാർട്ടിയിൽ കൂടുതൽ സജീവമാക്കുന്നതിന് പകരം അവഗണിക്കുന്നത്, കുറേക്കാലമായി മലബാറിൽ മുന്നേറാനാവാത്ത കോൺഗ്രസിന് ദോഷമേ വരുത്തൂവെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം. പാർട്ടി വിട്ടുപോയ കെ. കരുണാകരൻ തിരിച്ചെത്തിയ ശേഷവും അദ്ദേഹവുമായി ബന്ധപ്പെട്ടവർക്ക് അർഹമായ സ്ഥാനങ്ങൾ ലഭിച്ചില്ല. കരുണാകരന്റെ മരണശേഷം ഇവർ തീർത്തും അവഗണിക്കപ്പെട്ടു. ഇതും മലബാറിലെ തിരിച്ചടിക്ക് കാരണമാണെന്നാണ് വാദം.
14 ജില്ലകളിലും പുതിയ ഡി.സി.സി അദ്ധ്യക്ഷ പാനലുകളിലേക്ക് മൂന്നും നാലും പേരുകളാണുയരുന്നത്. വി.എസ്. ശിവകുമാർ, പാലോട് രവി, ആർ. ചന്ദ്രശേഖരൻ, കെ. ശിവദാസൻ നായർ, പഴകുളം മധു, ഇ.എം. അഗസ്തി, കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കൻ, അനിൽ അക്കരെ, പത്മജ വേണുഗോപാൽ, ടി.യു. രാധാകൃഷ്ണൻ, കെ.പി. അനിൽകുമാർ, സജീവ് മാറോളി, എ.എ. ഷുക്കൂർ, ഷാനിമോൾ ഉസ്മാൻ, ആര്യാടൻ ഷൗക്കത്ത്, എ.വി. ഗോപിനാഥ്, സി.വി. ബാലചന്ദ്രൻ, നീലകണ്ഠൻ, ഖാദർമാങ്ങാട്, ബാലകൃഷ്ണൻ പെരിയ തുടങ്ങി കേട്ടു തഴമ്പിച്ച പേരുകളെല്ലാം വിവിധ ജില്ലകളിലേക്ക് തല്പരകക്ഷികൾ പ്രചരിപ്പിക്കുന്നുണ്ട്.