മലയിൻകീഴ്: മേപ്പൂക്കടയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ നിന്ന് കളക്ഷൻ തുകയുമായി മുങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. തിരുമല പുത്തൻകട ആലപ്പുറം ഈഴംകുടി വീട്ടിൽ അനിൽകുമാറിനെയാണ് (22) മലയിൻകീഴ് പൊലീസ് പിടികൂടിയത്.
ഫെബ്രുവരി 14നാണ് ഇയാൾ കളക്ഷൻ തുകയായ 49,000 രൂപയുമായി കടന്നുകളഞ്ഞത്. വാഹനങ്ങളിൽ പെട്രോൾ നിറയ്ക്കലായിരുന്നു അനിൽകുമാറിന്റെ ജോലി. സംഭവദിവസം രാവിലെ 6 മുതൽ പമ്പിൽ ജോലി ചെയ്ത അനിൽകുമാർ ഉച്ചയ്ക്ക് 12 ഓടെ ചായകുടിക്കാൻ പോകുന്നുവെന്ന് അറിയിച്ച ശേഷം മുങ്ങുകയായിരുന്നു. പമ്പ് ഉടമ അന്നുതന്നെ മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് വിവിധ സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെ വട്ടപ്പാറ പമ്പിൽ ഇയാൾ ജോലിചെയ്യുന്നുവെന്ന വിവരം അറിഞ്ഞ് മലയിൻകീഴ് സി.ഐ സൈജുവിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. ജില്ലയിലെ നിരവധി പമ്പുകളിൽ ജോലി ചെയ്തിട്ടുള്ള ഇയാൾ നേരത്തെയും ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.