പൂവാർ: റിട്ട. മിലിറ്ററി ഉദ്യോഗസ്ഥനായ മകൻ മദ്യലഹരിയിൽ അമ്മയെ തല്ലിക്കൊന്നു. പൂവാർ
പാമ്പുകാല ഊറ്റുകുഴിയിൽ റിട്ട. അദ്ധ്യാപികയായ ഓമനയെയാണ് (75) മകൻ വിപിൻദാസ് (38) കൊലപ്പെടുത്തിയത്. പരേതനായ പാലയ്യനാണ് ഭർത്താവ്. വിപിൻദാസിനെ പൂവാർ പോലീസ് കസ്റ്റഡിയിൽ എടുത്തു.
അവിവാഹിതനായ വിപിൻദാസ് വിരമിച്ച ശേഷം അമ്മയോടൊപ്പമായിരുന്നു താമസം. മദ്യപിച്ചെത്തി അമ്മയെ മർദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ട് വയ്ക്കും. നാട്ടുകാരോട് വഴക്കുണ്ടാക്കിയതിന് നിരവധി കേസുകളും നിലവിലുണ്ട്. ആരോഗ്യ വകുപ്പ് ജീവനക്കാരനായ ചന്ദ്രദാസ് മറ്റൊരു മകനാണ്.
ജൂൺ 1നാണ് സംഭവം. അന്ന് പകൽ വിപിൻദാസ് വീട്ടുവളപ്പിൽ കുഴിയെടുക്കുന്നതും ശവപ്പെട്ടി വാങ്ങി വരുന്നതും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. കാര്യമെന്തെന്ന് തിരക്കിയവരെ വിരട്ടി ഓടിച്ചു. നാട്ടുകാർ ഉടൻ പൂവാർ പൊലീസിനെ വിവരം ധരിപ്പിച്ചു. പൊലീസ് എത്തുമ്പോൾ ഓമനയുടെ മൃതദേഹം കുളിപ്പിച്ച് വാഴയിലയിൽ കിടത്തിയിരിക്കുകയായിരുന്നു. കൊവിഡ് ടെസ്റ്റ് നടത്തി മാത്രമെ സംസ്കരിക്കാൻ കഴിയുകയുള്ളു എന്ന് അറിയിച്ച പൊലീസ് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിൽ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ വിപിൻദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
മൃതദേഹത്തിൽ കഴുത്തിലും ദേഹത്തും മർദ്ദനത്തിന്റെ പാടുകൾ കണ്ടെത്തി. ശ്വാസം മുട്ടി മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പെടെ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.