gr-anil

തിരുവനന്തപുരം: റേഷൻകാർഡ് പൊതുവിഭാഗത്തിൽ ആയതിനാൽ 15കാരിയായ സ്വപ്‌നയ്ക്ക് ചികിത്സാ സഹായം നിഷേധിക്കപ്പെട്ട സംഭവത്തിൽ ഭക്ഷ്യമന്ത്രി ജി. ആർ. അനിലിന്റെ ഇടപെടൽ ആശ്വാസമായി. ലക്ഷങ്ങൾ ചെലവു വരുന്ന ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടിലായ രാജാക്കാട് പുളയമാക്കൽ ശ്രീജിത്തിന്റെയും ഗീതുവിന്റെയും മകൾ സ്വപ്നയുടെ സ്ഥിതിയറിഞ്ഞ് മന്ത്രി നേരിട്ട് വിളിക്കുകയും കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. ഹൃദയ സ്പന്ദന തോത് കുറവായതിനാൽ പതിവായി തല ചുറ്റി വീഴുന്ന അസുഖത്തിന് ശ്രീചിത്രയിൽ ശസ്ത്രക്രിയ നിർദ്ദേശിച്ചിരുന്നു. കാർഡ് മാറ്റി നൽകിയതിന് സ്വപ്ന ഫോൺ ഇൻ പരിപാടിയിൽ മന്ത്രിയെ നന്ദി അറിയിച്ചു.

കൊല്ലം നീണ്ടകരയിൽ മത്സ്യത്തൊഴിലാളിയായ ഗംഗയുടെ പരാതിയിലും മന്ത്രിയുടെ നിർണായക ഇടപെടലുണ്ടായി. അംഗപരിമിതിയും അപസ്മാരവും അലട്ടുന്ന ഗംഗയെ ചികിത്സയ്ക്ക് ബസിലും ട്രെയിനിലും കൊണ്ടുപോകാൻ കഴിയാത്തതിനാൽ കാർ വാങ്ങി. അതോടെ മുൻഗണനാ വിഭാഗത്തിലുള്ള കാർഡ് ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. നടപടിയെടുക്കുമെന്നു് അറിയിച്ചതോടെയാണ് പരാതി മന്ത്രിക്ക് മുന്നിലെത്തിയത്. ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് ഒരു കാർ ഉണ്ടെങ്കിൽ മുൻഗണനാ വിഭാഗത്തിൽ നിന്ന് ഒഴിവാക്കില്ലെന്ന് മന്ത്രി ഗംഗയെ സമാധാനിപ്പിച്ചു.

മുൻഗണനാ വിഭാഗത്തിൽ കടന്നുകൂടിയ അനർഹർക്ക് ഒഴിവാകാൻ ജൂലായ് 15 വരെ സമയം നൽകിയിട്ടുണ്ട്. ആരെയും നിർബന്ധിച്ച് പിൻമാറ്റേണ്ടതില്ലെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. ഗംഗയുടെ പരാതി പരിഹരിക്കുന്നതിന് കരുനാഗപ്പള്ളി സപ്ലൈ ഓഫീസുമായി ബന്ധപ്പെടാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

മരുമകൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നതിനാൽ മൂന്നു മാസം റേഷൻ വാങ്ങാതിരുന്നപ്പോൾ മുൻഗണനാ വിഭാഗത്തിൽ നിന്ന് ഒഴിവാക്കിയെന്ന തൊടുപുഴയിൽ നിന്നുള്ള സോമനാഥിന്റെ പരാതിയിലും മന്ത്രി പരിഹാരം ഉറപ്പുനൽകി. ഓരോ റേഷൻ കടയുടെയും പരിധിയിൽ വരുന്ന മുൻഗണനാ വിഭാഗക്കാരുടെ ലിസ്റ്റ് പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.