ഒരു പതിറ്റാണ്ട് മുമ്പ് കൂറ്റൻ ഭൂകമ്പവും സുനാമിയും പിന്നാലെയുണ്ടായ ഫുകുഷിമ ആണവ ദുരന്തവും ജപ്പാന് സൃഷ്ടിച്ച ആഘാതം വളരെ വലുതായിരുന്നു. 2011 മാർച്ച് 11നാണ് ജപ്പാനെയും അയൽ രാജ്യങ്ങളെയും വിറപ്പിച്ച് റിക്ടർ സ്കെയിലിൽ 9 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. തൊട്ടുപുറകെ 40 മീറ്റർ ഉയരത്തിൽ കൂറ്റൻ സുനാമി തിരകളും ആഞ്ഞുവീശി.
സുനാമിയുടെ ഫലമായി ഏകദേശം 20,000ത്തോളം പേരാണ് അന്ന് ജപ്പാനിൽ മരിച്ചത്. സുനാമി തിരകൾ ഫുകുഷിമ ആണവനിലയത്തിലേക്കും ഇരച്ചുകയറി. റിയാക്ടറുകൾ ചൂടായി ഉരുകി റേഡിയോ ആക്ടീവായ നീരാവിയും ഹൈഡ്രജനും ആണവ നിലയത്തിന് പുറത്തേക്ക് പ്രവഹിക്കുകയും ഒടുവിൽ പൊട്ടിത്തെറിയിൽ കലാശിക്കുകയുമായിരുന്നു. പിന്നാലെ ആണവ വികിരണം സമീപ പ്രദേശങ്ങളിലേക്ക് പ്രവഹിച്ചു. 1986ലെ ചെർണോബിൽ ദുരന്തത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ആണവ അപകടങ്ങളിൽ ഒന്നായിരുന്നു ഫുകുഷിമയിലേത്.
ഫുകുഷിമ റിയാക്ടറിലെ സ്ഫോടനത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിരുന്നില്ലെങ്കിലും ആണവ വികിരണമേറ്റതിന്റെ ഫലമായി ക്യാൻസർ ബാധിച്ച് ഒരു മരണം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിരുന്നു. മൂന്ന് ലക്ഷത്തോളം പേരെ ഫുകുഷിമയിൽ നിന്ന് ഉടൻ മാറ്റിത്താമസിപ്പിച്ചിരുന്നെങ്കിലും ഇവിടുത്തെ പരിസ്ഥിതിയ്ക്കുണ്ടായ കോട്ടം ഇന്നും പൂർണമായി നികത്താനായിട്ടില്ല. ഫുകുഷിമയിലെ ജീവജാലങ്ങളെ സംബന്ധിച്ച പഠനങ്ങൾ ഇപ്പോഴും തുടരുകയാണ്. മനുഷ്യവാസമില്ലാത്ത ഫുകുഷിമ മേഖലയിൽ ഇന്ന് ജീവിക്കുന്ന കാട്ടുപന്നികളിൽ റേഡിയോ ആക്ടീവ് ആയിട്ടുള്ളവയുടെ എണ്ണം വർദ്ധിക്കുന്നതായി കണ്ടെത്തിയിരിക്കുകയാണ്.
ആണവ ദുരന്തം മൃഗങ്ങളിൽ സൃഷ്ടിച്ച ആഘാതത്തെ പറ്റി പഠനം നടത്തിയ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. അതേ സമയം, റേഡിയേഷൻ കാട്ടുപന്നികളുടെ ജനിതക ഘടനയെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. ആണവ ദുരന്തത്തിന് ആളുകളെ സുരക്ഷിതമായ മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതോടെ വിജനമായ പ്രദേശം മുഴുവൻ കാട്ടുപന്നികൾ കൈയ്യടക്കുകയായിരുന്നു.
ഫുകുഷിമ മേഖലയിൽ ദുരന്തം സംഭവിക്കുന്നതിന് മുന്നേ ധാരാളം പന്നി ഫാമുകൾ നിലനിന്നിരുന്നു. ആണവ ദുരന്തത്തിന് പിന്നാലെ മനുഷ്യർ പാലായനം ചെയ്തതോടെ ഈ നാട്ടുപന്നികളും സ്വതന്ത്രരായി മേഖലയിൽ അലഞ്ഞു. ഇതോടെ റേഡിയോ ആക്ടീവ് കാട്ടുപന്നികളുടെയും നാട്ടുപന്നികളുടെയും സങ്കരയിനം പന്നിക്കുഞ്ഞുങ്ങൾ ഫുകുഷിമ മേഖലയിൽ പിറവിയെടുക്കുകയും ചെയ്തു. റേഡിയോ ആക്ടീവ് സാന്നിദ്ധ്യമുള്ള ഈ ഹൈബ്രിഡ് പന്നികൾ വർദ്ധിച്ചുവരുന്നതായാണ് കണക്ക്.
വിദൂരമായി പ്രവർത്തിപ്പിക്കാവുന്ന ക്യാമറ സംവിധാനങ്ങളുടെ സഹായത്തോടെ ഫുകുഷിമ മേഖലയിൽ നടത്തിയ പര്യവേഷണത്തിൽ ഇവിടുത്തെ പരിസ്ഥിതി തിരിച്ചുവരവിന്റെ പാതയിലാണെന്നാണ് കണ്ടെത്തിയത്. നാല് മാസം കൊണ്ടാണ് 106 റിമോട്ട് ക്യാമറകൾ ഉപയോഗിച്ച് ഫുകുഷിമയിലെ വന്യജീവികളുടെ ജീവിതം പകർത്തിയത്. റിയാക്ടറിന് ചുറ്റും കാട്ടുപന്നികൾ, കുറുക്കനുമായി സാദൃശ്യമുള്ള റാക്കൂൺ ഡോഗുകൾ, കുരങ്ങുകൾ തുടങ്ങി 20 ലേറെ സ്‌പീഷിസുകൾ ജീവിക്കുന്നുണ്ട്.
ഫുകുഷിമ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ഡൊണോവൻ ആൻഡേഴ്‌സണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനങ്ങൾക്ക് പിന്നിൽ. 2018 മുതൽ ഫുകുഷിമ ആണവനിലയത്തിന്റെ സുരക്ഷിതമായ ചില സമീപ പ്രദേശങ്ങളിലേക്ക് ആളുകൾ മടങ്ങിയെത്തുന്നുണ്ട്.