drugs

കൊച്ചി: കൊവിഡ് മാനദണ്ഡങ്ങൾ കടുപ്പിച്ചതോടെ ലഹരി വിൽപനയ്ക്ക് പുത്തൻ ഉപായങ്ങൾ തേടി ലഹരിക്കച്ചവടക്കാർ. ഇൻസ്റ്റട്രാം, ടെലിഗ്രാം എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ ഉപയോഗിച്ച് ഉപഭോക്താക്കളെ കണ്ടെത്തി കൊറിയർ വഴി ലഹരി എത്തിക്കുന്നതാണ് പുതിയ രീതി. ഇത്തരത്തിൽ ലഹരി കടത്തിയ യുവാവിനെ കഴിഞ്ഞ ദിവസം പാലക്കാട് നിന്ന് പൊലീസ് അറസ്റ്റു ചെയ്തതോടെ പരിശോധനകൾ ശക്തമാക്കാനൊരുങ്ങുകയാണ് എക്‌സൈസ് വിഭാഗവും പൊലീസും. സൈബർ സെല്ലിന്റെ സഹായത്തോടെ എക്‌സൈസിന്റെ സ്‌പെഷ്യൽ ടീം സമൂഹമാദ്ധ്യമങ്ങൾ വഴിയുള്ള ലഹരി വില്പന പരിശോധിച്ച് വരികയാണ്. എല്ലാ സാമൂഹിക മാദ്ധ്യമങ്ങളിലും സജീവമാണെങ്കിലും ഇൻസ്റ്റഗ്രാമിലൂടെയാണ് കൂടുതൽ ഇടപാട്. കച്ചവടക്കാരെ ഇൻസ്റ്റഗ്രാമിൽ നിന്ന് കണ്ടെത്തുക പ്രയാസമാണ്. ഇതാണ് ഇവിടം കേന്ദ്രീകരിക്കാൻ കാരണം. കൊറിയർ വഴി കുറഞ്ഞ അളവിൽ സിന്തറ്റിക്ക് ഡ്രഗ്ഗ് മാത്രമായതിനാൽ വിൽപന പേടിക്കാതെ നടക്കുമെന്നതിനാലാണീ സംവിധാനം ഉപയോഗിക്കുന്നത്. കൂടാതെ കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്ന ഇടങ്ങളിൽ കൊറിയർ പോലുള്ള ഡോർ ഡെലിവറി സംവിധാനങ്ങൾക്ക് നിയന്ത്രണങ്ങളില്ലെന്നതും അനുകൂല ഘടകമാണ്.


നേരിട്ട് കൈമാറ്റമില്ലാത്തതിനാൽ തന്നെ ലഹരിമരുന്ന് വിൽപനക്കാരെ പിടികൂടാൻ എക്‌സൈസിനായാലും പൊലീസിനായാലും ബുദ്ധിമുട്ടാണ്. ചെറിയ അളവിൽ സിന്തറ്റിക് ലഹരിമരുന്ന് അയച്ചു നൽകുന്നതിനാൽ കൊറിയർ ഏജൻസി അധികൃതർക്കും സംശയം തോന്നില്ല. ലഹരിമരുന്ന് കേരളത്തിൽ വലിയ അളവിൽ എത്തിച്ച ശേഷം ഇവ ചെറിയ പാക്കറ്റുകളിലായി കൊറിയറായി വില്പന നടത്തുകയാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. രാജ്യത്തിന് പുറത്ത് നിന്ന് കൊറിയറായി ലഹരി മരുന്ന് എത്തിച്ച കേസുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇവയെല്ലാം കൂടിയ അളവിലുള്ളതാണ്.

 ഇൻസ്‌റ്റയിൽ ബുക്കിംഗ്, സാധനം വീട്ടിൽ

രഹസ്യ കോഡ് ഉപയോഗിച്ചാണ് ലഹരി വിൽപന സംഘങ്ങൾ ഇൻസ്റ്റഗ്രാം വഴി ഇരകളെ കണ്ടെത്തുന്നത്. രഹസ്യ കോഡുകൾ നൽകുന്ന മുറയ്ക്ക് ഉൽപന്നങ്ങളെ കുറിച്ചുള്ള വിവരങ്ങളും വിലയും മെസേജായി അയച്ചു നൽകും. ആവശ്യം അനുസരിച്ച് വാങ്ങാം. ഗൂഗിൾ പേ വഴിയാണ് പണമിടപാടുകൾ. പണം അയച്ചതിന്റെ സ്‌ക്രീൻ ഷോട്ട് അയയ്ക്കുന്ന മുറയ്ക്ക് വിലാസവും ഫോൺ നമ്പറും വാങ്ങി സാധനം കൊറിയറായി അയക്കും. പിന്നാലെ കൊറിയർ അയയ്ക്കുന്ന ഏജൻസിയുടെ പേരും ട്രാക്കിംഗ് ഐ.ഡിയും അടങ്ങിയ സന്ദേശം ആവശ്യക്കാരന് ലഭിക്കും. ഡെലിവറി ചെയ്യുന്ന സമയവും കൃത്യമായി അറിയിക്കും. സിന്തറ്റിക് ലഹരി വൈകാതെ വീടുകളിൽ കൊറിയറായി എത്തുകയും ചെയ്യും .

പുത്തൻ രീതിയിൽ ലഹരി കച്ചവടക്കാർ വിപണന മാർഗം കണ്ടെത്തുന്നതിനാൽ ഇത്തരക്കാരെ പിടികൂടാൻ പരിശോധനകൾ ശക്തമാക്കും. സോഷ്യൽ മീഡിയ വഴിയുള്ള ലഹരി ഇടപാട് ഇല്ലാതാക്കുകയാണ് ലക്ഷ്യം.

എ.ടി. അശോക് കുമാർ
എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ

കൊച്ചി