malinyam

വിതുര: പൊൻമുടി - തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര പഞ്ചായത്തിലെ ആനപ്പാറ, തേവിയോട് വാ‌ർഡുകളുടെ അതിർത്തി പ്രദേശമായ ചിറ്റാർ മേഖലയിൽ മാലിന്യനിക്ഷേപം നടത്തുന്നവരെ പിടികൂടാൻ ഡി.വൈ.എഫ്.ഐ ചിറ്റാർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകർ രംഗത്തിറങ്ങി. ഇവിടെ വൻതോതിൽ മാലിന്യം നിക്ഷേപിക്കുന്നതു സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ ഡി.വൈ.എഫ്.ഐ ചിറ്റാർ യൂണിറ്റ് കമ്മിറ്റി അടിയന്തരമായി യോഗം ചേർന്ന് മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടുന്നതിനായി നൈറ്റ് പട്രോളിംഗ് ആരംഭിച്ചു. ഇതിനായി വിതുര പൊലീസിന്റെ സഹായവും തേടി. പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് രാത്രികാലങ്ങളിൽ തേവിയോട് ചിറ്റാർ മുതൽ ആനപ്പാറ വരെ പട്രോളിംഗ് നടത്തുന്നത്. ഡി.വൈ.എഫ്.ഐ വിതുര മേഖലാകമ്മിറ്റി അംഗം മുകേഷ്, ചിറ്റാർ യൂണിറ്റ് സെക്രട്ടറി അസീം, പ്രസിഡന്റ് വിപിൻ, സന്നദ്ധപ്രവർത്തകരായ നൗഷാദ്, അഖിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പട്രോളിംഗ് നടത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ അറവ് മാലിന്യങ്ങൾ ചിറ്റാർ മേഖലയിൽ കൊണ്ടിട്ട യുവാക്കളെ സംഘം പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ബംഗാളികളായ രണ്ട് യുവാക്കളാണ് മാലിന്യം കൊണ്ടിട്ടത്. വിതുര കൊപ്പം സ്വദേശിയുടെ കടയിൽ നിന്നുള്ള മാലിന്യമാണ് കൊണ്ടുവന്നത്. കടയുടമയുടെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

മാലിന്യനിക്ഷേപം പതിവ്

ചിറ്റാർ മേഖലയിൽ മാലിന്യനിക്ഷേപം രൂക്ഷമായിട്ട് വർഷങ്ങളേറെയായി. പ്രദേശത്ത് മതിയായ വെളിച്ചം ഇല്ലാത്തതിനാൽ മാലിന്യനിക്ഷേപം ഇവിടെ പതിവാണ്. റോഡരികിൽ ചിതറിക്കിടക്കുന്ന അറവുമാലിന്യങ്ങൾ അഴുകി പ്രദേശം മുഴുവൻ ദുർഗന്ധം പരക്കും. മാലിന്യങ്ങൾ കാക്കയും മറ്റും കൊത്തിവലിച്ച് സമീപപ്രദേശങ്ങളിലെ കിണറുകളിലും മറ്റും കൊണ്ടിടുന്നതുമൂലം ജലം മലിനപ്പെടുന്നതായും പരാതിയുണ്ട്. മാത്രമല്ല ഇറച്ചിവേസ്റ്റ് ചിറ്റാർ നദിയിൽ വരെ വൻ തോതിൽ നിക്ഷേപിക്കുന്നുണ്ട്. നദി മലിനപ്പെടുവാൻ ഇത് കാരണമാകുന്നു.

ചിറ്റാർ നിവാസികൾ പഞ്ചായത്തിലും മറ്റും പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല.

മാലിന്യനിക്ഷേപിക്കുന്നവരെ കണ്ടെത്താൻ കാമറ സ്ഥാപിക്കുമെന്ന വാഗ്ദാനവും നടന്നില്ല

കല്ലാർ മേഖലയിലും മാലിന്യ നിക്ഷേപം രൂക്ഷം

 വെല്ലുവിളിയായി പക‌ർച്ചവ്യാധി

വിതുര പഞ്ചായത്തിലെ മിക്ക മേഖലയിലും കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലാണ് വൻ തോതിൽ മാലിന്യം കൂടി നിക്ഷേപിക്കുന്നത്. ഇത് പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള രോഗങ്ങൾ പടരാൻ ഇടയാക്കുമെന്ന് ആക്ഷേപം ഉയർന്നിരുന്നു. മാലിന്യനിക്ഷേപം രൂക്ഷമായതോടെ പ്രദേശത്ത് തെരുവ് നായ ശല്യവും വർദ്ധിച്ചിട്ടുണ്ട്. നായ്ക്കൾ വഴിപോക്കരെ അനവധി തവണ ആക്രമിക്കുന്നത് പതിവാണ്. ഇറച്ചി വേസ്റ്റ് കഴിക്കാൻ പന്നികളും എത്തുന്നുണ്ട്. ഇതുസംബന്ധിച്ച് ആനപ്പാറ മുല്ലച്ചിറ കാരുണ്യാ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ.ഇ. ഇൗപ്പൻ പഞ്ചായത്തിന് പരാതി നൽകിയിരുന്നു.

പട്രോളിംഗ് ശക്തമാക്കും

വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ ചേന്നൻപാറ, പേരയത്തുപാറ, ചാരുപാറ, ആനപ്പാറ, ചിറ്റാർ, കല്ലാർ, ചെറ്റച്ചൽ, വിനോബാനികേതൻ മേഖലകളിൽ റോഡരികിൽ മാലിന്യനിക്ഷേപം രൂക്ഷമാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടുന്നതിനായി രാത്രിയിൽ പട്രോളിംഗ് ശക്തമാക്കും

എസ്.ശ്രീജിത്ത്-വിതുര സി.ഐ

എസ്.എൽ.സുധീഷ്-വിതുര എസ്.ഐ

പടം

വിതുര പഞ്ചായത്തിലെ ആനപ്പാറ ചിറ്റാർ മേഖലയിൽ വർദ്ധിച്ചുവരുന്ന മാലിന്യപ്രശ്നം ചൂണ്ടിക്കാട്ടി കേരളകൗമുദി ജൂലായ് 3 ന് പ്രസിദ്ധീകരിച്ച വാർത്ത