ആറ്റിങ്ങൽ: എസ്.എസ്.എൽ.സി, പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പൊതു പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ഈ വർഷം ഗ്രേസ് മാർക്ക് നൽകില്ലെന്ന സർക്കാരിന്റെ തീരുമാനം തിരുത്തണമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് ( എൻ.ടി.യു)​ ആവശ്യപ്പെട്ടു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസിൽ പഠിച്ച് പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടാൻ ഫോക്കസ് ഏരിയ നിശ്ചയിച്ചുനൽകിയതടക്കം നിരവധി സഹായകരമായ സമീപനം കൈക്കൊണ്ട സർക്കാർ ഗ്രേസ് മാർക്ക് വിഷയത്തിൽ സ്വീകരിച്ച നിലപാട് തികച്ചും പ്രതിഷേധാർഹമാണെന്നും കലാ-കായിക - ശാസ്ത്രമേളകൾ, എൻ.എസ്.എസ് , എസ്.പി.സി, എൻ.സി.സി, ജെ.ആർ.സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് എന്നിവയിൽ മികച്ച പങ്കാളിത്തമുള്ള രണ്ട് ലക്ഷത്തോളം വിദ്യാർത്ഥികളെയാണ് സർക്കാരിന്റെ തീരുമാനം ദോഷകരമായി ബാധിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.