കോവളം: ക്ഷേത്രകാവ് പുരയിടം കൈയേറി സ്വന്തം പുരയിടത്തിലേക്ക് വഴി വെട്ടാനും ഗേറ്റ് സ്ഥാപിക്കാനുമുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൊലീസ് ഇടപെട്ട് നിറുത്തിവച്ചു. വെങ്ങാനൂർ ചാവടിനട പൗർണ്ണമിക്കാവ് ക്ഷേത്ര പുരയിടത്തിലാണ് തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് നടത്തിയ നിർമ്മാണ പ്രവർത്തനൾ കഴിഞ്ഞ ദിവസം രാവിലെ ബാലരാമപുരം പൊലീസ് തടഞ്ഞത്.
ഏതാനും ആഴ്ചകൾക്കു മുമ്പ് ക്ഷേത്ര പുരയിടത്തിന് അടുത്തുകൂടി വലിയ വാഹനങ്ങൾ പോകുന്നതിന് വഴി ആവശ്യപ്പെട്ട് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീപിച്ചിരുന്നു. എന്നാൽ, വസ്തു വിട്ടുകൊടുക്കാൻ ക്ഷേത്ര കമ്മിറ്റി തയ്യാറായില്ല. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും ഏതാനും സഹായികളും ചേർന്ന് വഴിക്കും ഗേറ്റിനുമായി ഇവിടെ സ്ഥാപിച്ചിരുന്ന മണിമണ്ഡപം നശിപ്പിച്ചതായും പറയുന്നു. സംഭവത്തെ തുടർന്ന് ക്ഷേത്ര ഭാരവാഹികൾ പൊലീസിലും ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്കും പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ഷേത്രപരിസരത്ത് നിർമ്മാണം പാടില്ലായെന്നും പൊലീസ് അറിയിപ്പ് നൽകിയിരുന്നതായും ക്ഷേത്ര ഭാരവാഹികൾ പറയുന്നു.
എന്നാൽ, കോടതിയിൽ കേസ് നിലനിൽക്കെ ശനിയാഴ്ച രാവിലെ സുരേഷ് വീണ്ടും ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് സംഘട്ടനത്തിന്റെ വക്കിൽ എത്തിയതോടെയാണ് റൂറൽ എസ്.പി യുടെ നിർദ്ദേശത്തെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്പിച്ചത്.
അതേസമയം, പഞ്ചായത്ത് ടൈൽ പാകിയ പൊതുവഴിയോട് ചേർന്നാണ് താൻ നിർമ്മാണപ്രവർത്തനം നടത്തിയതെന്നും പുരയിടത്തിൽ വേസ്റ്റ് ഇടരുതെന്നുള്ള ഇടക്കാല ഉത്തരവ് മാത്രമാണ് നിലനിൽക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് അറിയിച്ചു.