കിളിമാനൂർ: വൈക്കം മുഹമ്മദ് ബഷീർ ജന്മം കൊടുത്ത കഥാപാത്രങ്ങളെ കാലത്തിന് അനുസൃതമായി പുനർസൃഷ്ടിച്ചു കൊണ്ട് ബേപ്പൂർ സുൽത്താന് കിളിമാനൂർ ഗവ. എൽ.പി.എസ് ഇന്ന് സ്മരണാഞ്ജലി അർപ്പിക്കും.
കൊവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്ക് സ്കൂളിൽ എത്താൻ കഴിയാത്തതിനാൽ അദ്ധ്യാപകർ കുട്ടികളുടെ വീട്ടിൽ എത്തിയാണ് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിനായുള്ള പ്രവർത്തനങ്ങൾ ഒരുക്കിയത്. ഇക്കുറി ബഷീറിന്റെ ''ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് ' എന്ന ബഷീർ കഥയിലെ കഥാപാത്രങ്ങൾ പുതിയ കാലത്തോട് സംവദിക്കുന്നതാണ് 'വെളിച്ചത്തിന് 'എന്തൊരു വെളിച്ചം' എന്ന ലഘു ദൃശ്യാവിഷ്കാരത്തിലെ പ്രമേയം.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ലഘു ദൃശ്യാവിഷ്‌കാരം സ്കൂളിന്റെ യൂട്യൂബ് ചാനലിൽ ലഭ്യമാക്കും. വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ഉദ്‌ഘാടനവും ദൃശ്യാവിഷ്‌കാര പ്രകാശനവും പ്രശസ്ത സാഹിത്യകാരൻ കെ.വി. മോഹൻകുമാർ ഓൺലൈനായി നിർവഹിക്കും. വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാന കോ - ഓർഡിനേറ്റർ ടി.കെ. അബ്‌ദുള്ള ഷാഫി, മുൻ വിദ്യാരംഗം എഡിറ്റർ കെ.സി. അലി ഇഖ്‌ബാൽ തുടങ്ങിയവർ പങ്കെടുക്കും.