ks

 അന്വേഷണം മുൻ ഡ്രൈവറുടെ പരാതിയിൽ

 സ്കൂൾ ഏറ്റെടുക്കാൻ 30 കോടി പിരിച്ചെന്ന്

 കേസെടുക്കാൻ ലോക്‌സഭാ സ്പീക്കറുടെ അനുമതി വേണം

തിരുവനന്തപുരം: ലീഡർ കെ. കരുണാകരൻ പഠിച്ച കണ്ണൂരിലെ ചിറയ്‌ക്കൽ രാജാസ് സ്‌കൂൾ ഏ​റ്റെടുക്കാനെന്ന പേരിലും പാർട്ടി ഓഫീസ് നിർമ്മാണത്തിലും കോടികളുടെ അഴിമതി കാട്ടിയെന്നും അവിഹിതമായി പണം സമ്പാദിച്ചെന്നുമുള്ള പരാതിയിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിക്കെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി. പ്രാഥമിക പരിശോധനയിൽ കഴമ്പുണ്ടെങ്കിലേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് തുടരന്വേഷണം നടത്തൂ.

സുധാകരൻ പാർലമെന്റ് അംഗമായതിനാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ലോക്‌സഭാ സ്‌പീക്കറുടെ അനുമതി വേണം. സുധാകരന്റെ മുൻ ഡ്രൈവറും കണ്ണൂർ മുൻ ബ്ലോക്ക് സെക്രട്ടറിയുമായ എം. പ്രശാന്ത് ബാബുവിന്റെ പരാതിയിൽ വിജിലൻസ് മേധാവി സുധേഷ് കുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇന്നലെ വിജിലൻസ് സംഘം പള്ളിക്കുന്നിലെ വീട്ടിലെത്തി രണ്ട് മണിക്കൂർ പ്രശാന്ത് ബാബുവിന്റെ മൊഴിയെടുത്തു. പ്രശാന്ത് ബാബു ചില രേഖകളും മറ്റും വിജിലൻസിന് കൈമാറി.
കെ.കരുണാകരൻ സ്‌മാരക ട്രസ്റ്റിന്റെ പേരിലും കണ്ണൂർ ഡി.സി.സി ഓഫീസിന്റെ നിർമ്മാണത്തിലും സുധാകരൻ സാമ്പത്തിക തിരിമറി നടത്തിയെന്ന് മാദ്ധ്യമങ്ങളിലൂടെ ആരോപിച്ച പ്രശാന്ത് ബാബു, പിന്നാലെ വിജിലൻസിന് പരാതി നൽകുകയായിരുന്നു. ഇന്ന് വാർത്താസമ്മേളനത്തിൽ ഇതിന് മറുപടി നൽകുമെന്ന് കെ. സുധാകരൻ പറഞ്ഞു.

സുധാകരനെതിരായ അന്വേഷണത്തിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പകപോക്കലാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. കെ.പി.സി.സി പ്രസിഡന്റായതിന് പിന്നാലെ കെ.സുധാകരനും പിണറായി വിജയനും പഴയകാല സംഭവങ്ങൾ ഉന്നയിച്ച് ഏറ്റുമുട്ടിയിരുന്നു.

ആറു കോടിയുടെ വീട്

കെ. സുധാകരന് ആറു‌കോടിയുടെ ആ‌ഡംബര വീടും വിലകൂടിയ കാറുകളും കോടികളുടെ ബിനാമി ബിസിനസുണ്ടെന്ന് പരാതിയിൽ പറയുന്നു.

ചിറക്കൽ രാജാസ്‌ ഹൈസ്‌കൂളും അഞ്ച്‌ ഏക്കർ സ്ഥലവും വാങ്ങാൻ കെ. കരുണാകരൻ മെമ്മോറിയൽ ട്രസ്‌റ്റ്‌ രൂപീകരിച്ച്‌ വിദേശത്തു നിന്നടക്കം 32 കോടിയോളം രൂപ പിരിച്ചു.

ചിറക്കൽ രാജകുടുംബത്തെ സമീപിച്ച്‌ കരാറിന്‌ വിരുദ്ധമായി സുധാകരനും രണ്ട്‌ സുഹൃത്തുക്കളും ചേർന്ന്‌ രൂപീകരിച്ച കണ്ണൂർ എഡ്യൂപാർക്ക്‌ കമ്പനിയുടെ പേരിൽ സ്‌കൂൾ രജിസ്‌ട്രേഷൻ നടത്താൻ 2013 ഏപ്രിൽ 30ന്‌ കത്ത്‌ നൽകി.

ട്രസ്‌റ്റിന്റെ പേരിൽ പിരിച്ച പണം സ്വന്തമാക്കാനായിരുന്നു ഇത്‌.

രാജകുടുംബം വഴങ്ങിയില്ല. കരാർ പ്രകാരമുള്ള പണം നൽകാത്തതിനാൽ അഡ്വാൻസ്‌ തിരിച്ചു നൽകി മറ്റൊരു സഹകരണ ബാങ്കിന്‌ സ്‌കൂൾ വിറ്റു.

അന്നും സുധാകരൻ എം.പി

പണം പിരിച്ചെന്ന് ആരോപിക്കുന്ന 2013ലും സുധാകരൻ എം.പിയായിരുന്നു. എം.പിയായിരിക്കേ അഴിമതി ആരോപണത്തിന് വിധേയനായാൽ കേസെടുക്കാൻ സ്പീക്കറുടെ അനുമതി വേണമെന്ന് നിരസിംഹ റാവു vs യൂണിയൻ ഒഫ് ഇന്ത്യ കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. സമൂഹത്തിൽ നിന്ന് പണം സമാഹരിച്ച് കബളിപ്പിച്ചെന്ന ആരോപണത്തിൽ അഴിമതി നിരോധന നിയമത്തിലെ 17(എ) പ്രകാരം വിജിലൻസ് അന്വേഷണത്തിന് സർക്കാരിന് അനുമതി നൽകാം.