വിതുര: വിതുര തൊളിക്കോട് പഞ്ചായത്തുകളിലെ തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട് ആഴ്ചകൾ പിന്നിട്ടതോടെ ജനം ദുരിതത്തിൽ. പ്രധാന ജംഗ്ഷനുകളടക്കം ഇരുട്ടിന്റെ പിടിയിലാണ്. ആര്യനാട്, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിലെ അവസ്ഥയും വ്യത്യസ്തമല്ല. മുൻ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ചില സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും നാളുകൾക്കുള്ളിൽ വീണ്ടും പഴയസ്ഥിതിയായി. വിഷയത്തിൽ നിരവധി തവണ നാട്ടുകാർ പരാതി നൽകിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന യാതൊരു നടപടിയുമുണ്ടായില്ല .

സാമൂഹ്യവിരുദ്ധർ സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകൾക്ക് നേരെ അക്രമവും കത്തിക്കൊണ്ടിരുന്ന തെരുവ് വിളക്കുകൾ എറിഞ്ഞുടയ്ക്കുന്നതായും പരാതിയുണ്ട്. തെരുവ് വിളക്കുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ ഇറച്ചിമാലിന്യങ്ങൾ വലിച്ചെറിയുന്നത് കാരണം ഈ ഭാഗങ്ങളിൽ തെരുവ് നായയുടെ ശല്യം വർദ്ധിച്ചു. മാത്രമല്ല രാത്രികാലങ്ങളിൽ പന്നിയും, കാട്ടുപോത്തുമുൾപ്പടെയുള്ള വന്യമൃഗങ്ങളും നാട്ടിലിറങ്ങുന്നുണ്ട്.

ഹൈമാസ്റ്റുകളും കത്തുന്നില്ല

ലക്ഷങ്ങൾ ചെലവിട്ട് എം.പിമാരും എം.എൽ.എമാരും പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകളിൽ ഭൂരിഭാഗവും കത്തുന്നില്ല. പൊൻമുടി - തിരുവനന്തപുരം സംസ്ഥാന പാതയിലും വിതുര - ആര്യനാട് റൂട്ടിലും വിതുര - പാലോട് റൂട്ടിലും പ്രധാന ജംഗ്ഷനുകളിൽ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റുകളിൽ മിക്കതും ഇടക്കാലത്ത് മിഴിയടച്ചു.

ഇരുളിന്റെ മറവിൽ മോഷണവും

തൊളിക്കോട്,​ വിതുര പഞ്ചായത്തുകളിൽ അടുത്തിടെ നിരവധി മോഷണങ്ങളാണ് നടന്നത്. ക്ഷേത്രങ്ങളിലും വീടുകളിലും കടകളിലും കയറിയ കള്ളന്മാർ സ്വർണവും പണവുമടക്കം കവർന്നിട്ടും പ്രതികളെ പിടികൂടാൻ ഇനിയും സാധിച്ചിട്ടില്ല. റബർ ഷീറ്റുകളും മറ്റ് കാർഷിക വിളകളും മോഷണം പോകുന്നതും നിത്യസംഭവമാണ്. തെരുവ് വിളക്കുകൾ ഇല്ലാത്തതാണ് ഇത്തരക്കാർക്കും സഹായമാകുന്നത്. പുലർച്ചെ പ്രഭാതസവാരിക്കിറങ്ങിയ വീട്ടമ്മമാരെ ഇരുളിന്റെ മറവിൽ മർദ്ദിച്ച സംഭവവും അടുത്തിടെ വിതുരയിൽ അരങ്ങേറി. കേടായ തെരുവ് വിളക്കുകൾ കത്തിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വൈദ്യുതി ഓഫീസിലും പഞ്ചായത്തിലും പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല. പുതിയ പഞ്ചായത്ത് ഭരണസമിതികൾ നിലവിൽ വന്നെങ്കിലും സ്ഥിഗതികൾ പഴയപടിയിൽ തന്നെ.

വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ കേടായ തെരുവ് വിളക്കുകൾ അടിയന്തരമായി കത്തിക്കണം, നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.

ഫെഡറേഷൻസ് ഓഫ് റസിഡന്റ്സ് അസോസിയേഷൻ

വിതുര മേഖലാ കമ്മിറ്റി ഭാരവാഹികൾ