മലയിൻകീഴ്: നേമം ബ്ലോക്ക് പഞ്ചായത്തിലുൾപ്പെട്ട ബാലരാമപുരം, കല്ലിയൂർ, മലയിൻകീഴ്, വിളപ്പിൽ,വിളവൂർക്കൽ,മാറനല്ലൂർ, പള്ളിച്ചൽ പഞ്ചായത്തുകളിൽ 'ഈസ് ഓഫ് ലിവിംഗ്' സർവേയുടെ പ്രവർത്തനം ഇന്ന് മുതൽ ആരംഭിക്കും. 2011-ലെ സാമൂഹിക സാമ്പത്തിക ജാതി സെൻസസ് പ്രകാരം കേരളത്തിലെ ഗ്രാമീണ കുടുംബങ്ങൾക്ക് ലഭിച്ച ആനുകൂല്യങ്ങളും നിലവിലെ ഇവരുടെ ജീവിതാവസ്ഥയും വിലയിരുത്തുന്നതാണ് സർവേ. ഏഴ് പഞ്ചായത്തിലെ 18,654-കുടുംബങ്ങളാണ് സർവേയുടെ പരിധിയിൽ വരുന്നത്. 20 വരെ നടക്കുന്ന സർവേയുടെ ചുമതല വി.ഇ.ഒ.മാർക്കാണ്. ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, തൊഴിലുറപ്പു മേറ്റുമാർ, അങ്കണവാടി ജീവനക്കാർ എന്നിവരുടെ സഹകരണത്തോടെയാണ് സർവേ നടപടികൾ പൂർത്തിയാക്കുന്നത്. ബ്ലോക്കുതല ശില്പശാല പ്രസിഡന്റ് എസ്.കെ. പ്രീജ ഉദ്ഘാടനം നിർവഹിച്ചു. എ.ഡി.സി.ശുഭ, ബി.ഡി.ഒ. കെ. അജികുമാർ, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ അനുചന്ദ്, എക്സ്റ്റൻഷൻ ഓഫീസർ എം.കെ.അജയ്‌ഘോഷ് എന്നിവർ സംസാരിച്ചു.