ആധുനിക ലോകചരിത്രത്തിലെ ഏറ്റവും വലിയ സാമ്രാജ്യ സ്ഥാപകരായിരുന്നു ബ്രിട്ടീഷുകാർ. കഴിഞ്ഞ ഒരു നൂറ്റാണ്ട് മുമ്പ് വരെ ലോകത്തിന്റെ 25 ശതമാനം ഭൂഭാഗവും അതിലധികം ശതമാനം ജനങ്ങളുടെ ഭാഗധേയവും നിർണയിച്ചിരുന്നത് ബ്രിട്ടണായിരുന്നു. ഇന്നും ആഗോള രാഷ്ട്രീയ, സാമ്പത്തിക രംഗത്ത് പ്രധാനശക്തിയാണ് ബ്രിട്ടൻ.
മേയിൽ നടന്ന സ്കോട്ട്ലൻഡ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ എസ്.എൻ.പി എന്ന സ്കോട്ടിഷ് നാഷണൽ പാർട്ടി തുടർച്ചയായി നാലാംതവണയും അധികാരത്തിലെത്തിയതോടെ സ്വതന്ത്ര സ്കോട്ട്ലൻഡ് എന്ന ആവശ്യം സജീവമാകുന്നു.
ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ് , വെയിൽസ്, ഉത്തര അയർലൻഡ് എന്നീ , സംസ്കാരവും ചരിത്രപശ്ചാത്തലവും ഭാഷയും വ്യത്യസ്തമായ നാല് ദേശീയതകളുടെ കൂട്ടായ്മയാണ് ബ്രിട്ടൺ എന്ന യുനൈറ്റഡ് കിംഗ്ഡം . നാലര നൂറ്റാണ്ട് മുമ്പ് വരെ പരസ്പരം പൊരുതിയിരുന്ന രാജ്യങ്ങളായിരുന്നു ഇംഗ്ലണ്ടും സ്കോട്ട്ലൻഡും.
19 -ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ സ്കോട്ട്ലൻഡിന്റെ സ്വയംഭരണാവകാശത്തിനു വേണ്ടിയുള്ള ആവശ്യമുയർന്നെങ്കിലും പരിഹാരം നീണ്ടുപോയി. സ്കോട്ട്ലൻഡുകാരൻ തന്നെയായിരുന്ന ടോണി ബ്ളയർ പ്രധാനമന്ത്രിയായപ്പോൾ, 1999 ൽ ഡിവല്യൂഷൻ അഥവാ അധികാര വികേന്ദ്രീകരണം വഴി സ്കോട്ട്ലൻഡിലും വെയിൽസിലും ഉത്തര അയർലൻഡിലും രാജ്യസുരക്ഷാ, വിദേശനയം, പ്രതിരോധം, കുടിയേറ്റം, ഭരണഘടനാപരമായ കാര്യങ്ങൾ തുടങ്ങിയവയൊഴികെയുള്ള വിഷയങ്ങളിൽ നിയമനിർമാണത്തിന് തിരഞ്ഞെടുക്കപ്പെട്ട സഭകൾ നിലവിൽവന്നു. അങ്ങനെ 1707 ൽ പിരിച്ചുവിട്ട സ്കോട്ട്ലൻഡ് പാർലമെന്റ് നൂറ്റാണ്ടുകൾക്കു ശേഷം പുനരുജ്ജീവിപ്പിക്കപ്പെട്ടു.
2007 ൽ എസ്.എൻ.പി സ്കോട്ടിഷ് പാർലമെന്റിൽ ഏറ്റവും വലിയ പാർട്ടിയും 2011ൽ ഭൂരിഭാഗം സീറ്റ് നേടിയും അധികാരത്തിൽ എത്തിയതോടെ സ്വതന്ത്ര സ്കോട്ട്ലൻഡ് വാദത്തിനു ശക്തി വർദ്ധിച്ചു. സ്കോട്ട്ലൻഡ് പ്രത്യേക രാഷ്ട്രമാകണോ എന്ന ചോദ്യം ജനഹിതപരിശോധനക്ക് വിടാനാൻ തീരുമാനമായി. 2014 സെപ്തംബർ 19 ന് 85 ശതമാനം പേർ പങ്കെടുത്ത ഹിതപരിശോധനയിൽ, 44.7 ശതമാനം മാത്രമാണ് സ്വതന്ത്ര സ്കോട്ട്ലൻഡിനെ പിന്തുണച്ചത് . തത്കാലം പ്രശ്നങ്ങൾ ആറിത്തണുത്തപ്പോഴാണ് 2016ൽ ബ്രിട്ടന്റെ തന്നെ ഭാവി മാറ്റിമറിച്ച ബ്രെക്സിറ്റ് അനുകൂല തീരുമാനമുണ്ടായത്. നേരിയ വ്യത്യാസത്തിൽ യൂറോപ്പിൽ നിന്ന് പുറത്തു പോകാനുള്ള തീരുമാനം ബ്രിട്ടീഷ് ജനത കൈക്കൊണ്ടെങ്കിലും 62 ശതമാനം സ്കോട്ട്ലൻഡുകാരും എതിരായാണ് വോട്ടുചെയ്തത്.
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസണുമായുള്ള സംഭാഷണത്തിൽ ' ജനഹിത പരിശോധനയുണ്ടോ എന്നല്ല, അതെന്നാവണം എന്നതാണ് ചോദ്യമെന്നാണ് " എസ്.എൻ.പി യെ നയിക്കുന്ന സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ, മിസിസ് നിക്കോള സ്റ്റർജൻ പറഞ്ഞത്. ജോൺസനാവട്ടെ ഏഴുവർഷം മുമ്പ് 'ഒരു തലമുറയുടെ അവസരം" എന്ന രീതിയിൽ അവതരിപ്പിക്കപ്പെട്ട് തീരുമാനമായ വിഷയം വീണ്ടും ഉയർത്തുന്നത് 'രാജ്യത്തെ കീറിമുറിക്കുന്ന വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി"യായാണ് വിശേഷിപ്പിച്ചത്.
2023 അവസാനത്തോടെ ഇൻഡിറെഫ് 2 നടത്താനാണ് സ്റ്റർജൻ ലക്ഷ്യമിടുന്നത്. 2024 ൽ നടക്കേണ്ട ബ്രിട്ടീഷ് പൊതുതിരഞ്ഞെടുപ്പിനു മുമ്പ് ഹിതപരിശോധനയെക്കുറിച്ചുളള ചർച്ചകൾ വിഡ്ഢിത്തമാണെന്നാണ് ജോൺസന്റെ വലംകൈയും സ്കോട്ട്ലൻഡുകാരനുമായ ക്യാബിനറ്റ് മന്ത്രി മൈക്കൽ ഗോവ് പറയുന്നത്. സമ്പൂർണ സാമ്പത്തിക അധികാരങ്ങൾ നൽകി സ്കോട്ട്ലൻഡിനെ കൂടെ നിറുത്തണമെന്നാണ് പ്രതിപക്ഷമായ ലേബർ പാർട്ടി നിർദേശിക്കുന്ന പരിഹാരം.
വാക്സിൻ വിതരണം വൈകിയ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ മരണനിരക്ക് കുത്തനെ ഉയർന്നപ്പോൾ, കഴിഞ്ഞ ഡിസംബർ ആദ്യം മുതൽ തന്നെ ആരംഭിച്ച വ്യാപക വാക്സിൻ വിതരണം വഴി രോഗവ്യാപനത്തെ പിടിച്ചുകെട്ടിയ ബോറിസ് ജോൺസൻ സർക്കാരിന്റെ മികച്ച പ്രവർത്തന ഫലം അനുഭവിച്ചവരാണ് സ്കോട്ട്ലൻഡുകാർ. ജോലി നഷ്ടപ്പെട്ടവർക്കും ചെറുകിട കച്ചവടക്കാർക്കും ബ്രിട്ടീഷ് സർക്കാർ നൽകിയ വലിയ സാമ്പത്തിക പദ്ധതികളും ആശ്വാസനടപടികളും വലിയതോതിൽ പ്രശംസപിടിച്ചുപറ്റിയിട്ടുമുണ്ട്. സ്കോട്ട്ലൻഡിനൊപ്പം നടന്ന ഇംഗ്ലണ്ട് കൗൺസിൽ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി വലിയനേട്ടം കൊയ്തത് ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ്.
യു.കെയിൽ നിന്ന് സ്വതന്ത്രമായി നിൽക്കാനുള്ള സാമ്പത്തികശേഷി നിലവിലെ സാഹചര്യത്തിൽ സ്കോട്ട്ലൻഡിനുണ്ടോയെന്ന് സംശയിക്കുന്നവരുണ്ട്. 2018-19 സാമ്പത്തിക വർഷത്തിൽ സ്കോട്ട്ലൻഡിൽ എണ്ണയിൽ നിന്നുൾപ്പെടെയുള്ള വരുമാനം 66 ബില്യൺ പൗണ്ട് ആയിരുന്നു. യു.കെ സർക്കാർ അവിടെ ചെലവഴിച്ചതാകട്ടെ 83 ബില്യൻ പൗണ്ടും. അതുപോലെ സ്കോട്ട്ലൻഡിലെ ആളോഹരി ചെലവ് 1633 പൗണ്ട് എന്നത് ദേശീയ ശരാശരിയേക്കാൾ വളരെക്കൂടുതലാണ്. സ്കോട്ട്ലൻഡിൽ നിന്നുള്ള ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും കമ്പോളം 65 ശതമാനവും ആഭ്യന്തരവിപണിയാണ്. എണ്ണയിൽ നിന്നുള്ള വരുമാനവും സമീപകാലത്ത് മെച്ചമല്ല. മറ്റൊരു രാജ്യമാകുമ്പോൾ അനിവാര്യമാകുന്ന അതിർത്തിയിലെ കർശന പരിശോധനയും നികുതിയും കൂടുതലായും സ്കോട്ട്ലൻഡിനെയാകും ബാധിക്കുക .
നിക്കോള സ്റ്റർജൺ പറയുന്നതുപോലെ എളുപ്പമാവണമെന്നില്ല കാര്യങ്ങൾ. നിയമസാധുതയുള്ള ജനഹിതപരിശോധന മാത്രമേ ലോകരാജ്യങ്ങളും എന്തിന് യൂറോപ്യൻ യൂണിയൻ പോലും അംഗീകരിക്കുകയുള്ളൂവെന്ന് അവർക്കറിയാം. 2017ലെ കാറ്റലോണിയൻ ദുരന്തം മറക്കാറായിട്ടില്ല. അതുകൊണ്ട് ബ്രിട്ടീഷ് സർക്കാരിന്റെ അനുമതിയില്ലാതെ ഏകപക്ഷീയമായ സാഹസത്തിന് എസ്.എൻ.പി മുതിരില്ല. 2020 ന് ശേഷം നടന്ന 25 ലധികം അഭിപ്രായ സർവേകളിൽ മൂന്നെണ്ണം ഒഴികെ ബാക്കിയെല്ലാം സൂചിപ്പിക്കുന്നത് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവർ അൻപത് ശതമാനത്തിലേറെയെന്നാണ്. ബ്രിട്ടീഷ് സാമ്രാജ്യം സ്കോട്ട്ലൻഡ് കൂടി നഷ്ടപ്പെട്ട് വീണ്ടും ചുരുങ്ങുമോ? ബ്രെക്സിറ്റിനും കൊവിഡ് ഭീഷണിക്കും ശേഷവും ബ്രിട്ടനിൽ അനിശ്ചിതത്വത്തിന്റെയും അശാന്തിയുടെയും നാളുകൾ അവസാനിക്കുന്നില്ലെന്ന് ചുരുക്കം .
ഇ മെയിൽ : nvasudev27@gmail.com
മൊബൈൽ : +44 7448375916
വാട്സ് ആപ് +91 9447341351