v

തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ മറവിൽ സംസ്ഥാനത്തെ നിരവധി സിവിൽ സപ്ലൈസ് ഗോ‌ഡൗണുകളിൽ നിന്നു വ്യാപകമായി റേഷൻ അരിയും ഗോതമ്പും കടത്തിയതായി സൂചന.

വലിയതുറ എൻ.എഫ്.എസ്.എ ഗോഡൗണിൽ സംഭരിച്ചു സൂക്ഷിച്ച 41,200 കിലോഗ്രാം അരിയും 15,450 കിലോഗ്രാം ഗോതമ്പും (അഞ്ചരലോഡ്) കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് ഗോഡൗണുകളിൽ നിന്നും അരിയും ഗോതമ്പും നഷ്ടപ്പെട്ടതായി വിജിലൻസ് വിഭാഗത്തിനു സൂചന ലഭിച്ചത്. ഇന്നു മുതൽ വിശദമാ കണക്കെടുപ്പ് നടത്തും.

വലിയതുറ ഗോഡൗണിലെ അരിയും ഗോതമ്പും കരിഞ്ചന്തയിലേക്ക് മറിച്ചു കടത്തിയെന്ന സംശയത്തെ തുടർന്ന് ഗോഡൗൺ കസ്റ്റോഡിയൻ വിനോദ് കുമാറിനെ സസ്‌പെൻഡ് ചെയ്തു. ജില്ലയിലെ ഒരു സ്വകാര്യ ഗോഡൗണിലേക്കാണ് അരി കടത്തിയതെന്നാണ് സൂചന.

ഗോഡൗണിന്റെ മേൽനോട്ട ചുമതല കൈമാറുന്നതിനു മുന്നോടിയായി കണക്കെടുത്തപ്പോഴാണ് സ്റ്റോക്കിൽ ഭീമമായ കുറവ് കണ്ടെത്തിയത്. ഭക്ഷ്യധാന്യങ്ങൾ ഉദ്യോഗസ്ഥരും കരാറുകാരനും ചേർന്നു മറിച്ചുകടത്തിയെന്നാണ് സംശയം. റേഷൻ കടകളിലേക്കുള്ള അരിയുടെ തൂക്കം രേഖപ്പെടുത്തിയ ബില്ലിന്റെ കോപ്പി ഉപയോഗിച്ചാണ് ഗോഡൗണുകളിൽ നിന്നു അരി കടത്തുന്നത്. സ്റ്റോക് വരവ് അതാതു ദിവസം രജിസ്റ്ററിൽ രേഖപ്പെടുത്താതെ ക്രമക്കേടിനു കൂട്ടുനിൽക്കുകയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ.

ഗോഡൗണുകളിൽ നിന്നു കടത്തുന്ന മേൽത്തരം അരി 12–16രൂപയ്ക്കാണ് കരിഞ്ചന്തക്കാർക്കു നൽകുന്നത്. എഫ്.സി.ഐയുടെ കഴക്കൂട്ടം ഗോഡൗണിൽ നിന്നും സപ്ലൈകോയുടെ എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ എത്തിക്കുന്ന അരി വാതിൽപ്പടി വിതരണത്തിന്റെ മറവിലാണ് കടത്തുന്നത്‌.

സ്വകാര്യ ഗോഡൗണിലെത്തിയാൽ കഥമാറും

റേഷൻ അരി സ്വകാര്യ ഗോഡൗണിൽ എത്തിയാൽ പുതിയ ചാക്കിലാക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലെ സ്വകാര്യഗോഡൗണുകളിൽ റേഷൻ അരി പൊലീസ് കണ്ടെത്തുമ്പോഴൊക്കെ ചാക്ക് വേറെയാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ രക്ഷപ്പെടുന്നത്. ഭക്ഷ്യവകുപ്പിലെ ജീവനക്കാർ തന്നെ ഇതിനൊക്കെ ഒത്താശ ചെയ്തുകൊടുക്കുകയാണെന്നും പരാതിയുണ്ട്.