പെരുമ്പാവൂർ: വീടിനു മുന്നിലെ വാതിലിനോടു ചേർന്ന ജനലിൽ വേട്ടാളന്റെ മൺകൂടു നിർമാണം കാമറയിൽ പകർത്തി അദ്ധ്യാപകൻ. ദേശീയ വെസ്പിഡെ കുടുംബത്തിലെ യൂമീനിയ ഉപകുടുംബത്തിലെ അംഗമായ ഈ പ്രാണിയുടെ കൗതുകകരമായ ഗൃഹനിർമാണം പകർത്തിയതു ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും പുല്ലുവഴി ജയകേരളം ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനുമായ ഡോ.വി.സനൽ കുമാറാണ്.
ആദ്യ ദിനം വേട്ടാളന്റെ കൂടു തട്ടിക്കളഞ്ഞു. പിറ്റേന്നും ആ സ്ഥാനത്തു തന്നെ മൺകൂടു നിർമാണം തുടങ്ങിയപ്പോൾ കൗതുകം തോന്നി ഫോട്ടോയും വിഡിയോയും മൊബൈലിൽ പകർത്താൻ തുടങ്ങി. കോരിച്ചൊരിയുന്ന മഴയത്തും ഓരോ 2 മിനിറ്റിലും ചുണ്ടിൽ മണ്ണു കൊണ്ടുവന്നായിരുന്നു ഗൃഹനിർമാണം. കുഴച്ച മണൽത്തരികളും ഉമിനീരും വെള്ളവും പശയും ഒക്കെയാണ് അസംസ്‌കൃത വസ്തുക്കൾ. രാവിലെ 7 മുതൽ വൈകിട്ടു വരെ ഈ അധ്വാനം തുടരും. രണ്ട് മണിക്കൂർ കഴിയുമ്പോൾ അൽപം വിശ്രമം. ആദ്യം പ്രത്യേക സ്രവം തെളിച്ചു നനയ്ക്കുന്നു. പിന്നെ ദീർഘവൃത്താകൃതിയിൽ അസ്തിവാരം. കമാന ആകൃതിയിൽ മേൽക്കൂര കെട്ടിപ്പൊക്കി ഒരു ചെറിയ സുഷിരം സ്ഥിരപ്പെടുത്തുന്നതു വരെ 2 മണിക്കൂറോളം ഈ അധ്വാനം തുടരും. അതിനു ശേഷം 3-4 പ്രാവശ്യം വന്നു മുട്ടയിടും.പിന്നെ പുറമേ പോയി വിശ്രമം.മുട്ടവിരിഞ്ഞാൽ കുഞ്ഞിന് ആഹാരമായി നൽകാൻ ചിത്ര ശലഭങ്ങളുടെ ലാർവകൾ സുഷിരത്തിനകത്തു കൊണ്ടുവന്നു വയ്ക്കും. സുഷിരം വീണ്ടും മണ്ണുകൊണ്ടു അടയ്ക്കും. പിന്നീടു മൺകൂടിന്റെ പുറംഭാഗം മിനുസപ്പെടുത്തുന്ന ജോലിയാണ്.
കൂടു നിർമാണം കഴിഞ്ഞതിനു ശേഷം പെയിന്റ് അടിക്കുന്നതു പോലെ കറുത്ത മഷിക്കൂട്ടു കൊണ്ടുവന്നു പുറമേയുള്ള മൺ ആവരണം മുഴുവൻ പോളിഷ് ചെയ്യുന്ന കാഴ്ച മനോഹരമാണ്. മുട്ടയിടാനും വിരിയിക്കാനും മാത്രമാണു പെൺവേട്ടാളന്റെ നേതൃത്വത്തിൽ ഈ അധ്വാനം. 15 ദിവസം കഴിഞ്ഞാൽ മൺകൂടിൽ ഓരോ ദിവസം ഒന്നോ രണ്ടോ ചെറു ദ്വാരങ്ങൾ സൃഷ്ടിച്ചു കുഞ്ഞു വേട്ടാളൻ പറന്നു പോകും.
മഞ്ഞ, കറുപ്പ് നിറമുള്ള ദേഹത്തു മനോഹര വരകളോടു കൂടിയ വ്യത്യസ്ത വിഭാഗം വേട്ടാളൻമാരുണ്ടെന്നു ഡോ.വി.സനൽകുമാർ പറയുന്നു. കടന്നൽ എന്ന അർഥം വരുന്ന ലാറ്റിൻ - ഇറ്റാലിയൻ പദമായ 'വെസ്പ ' യുടെ ആകൃതിക്കനുസരിച്ചാണു സ്‌കൂട്ടർ കമ്പനി ഉടമയ എൻറിക്കോ പിയാജിയൊ 1946 ൽ ലോക വിപണി കീഴടക്കിയിരുന്ന വെസ്പ എന്ന പേരിലുള്ള സ്‌കൂട്ടർ നിരത്തിലിറക്കിയതെന്ന് അദ്ദേഹം പറഞ്ഞു.