വെഞ്ഞാറമൂട്: ആശാവർക്കർമാർ ജോലി ഭാരത്താൽ വീർപ്പുമുട്ടുമ്പോഴും ആശിച്ചത് പോയിട്ട് അർഹതയുള്ള വേതനം പോലും ലഭിക്കുന്നില്ലെന്ന് പരാതി. തൊഴിലുറപ്പ് തൊഴിലാളികളുടെ അത്ര പോലുമില്ല കൂലി. കൊവിഡ് രൂക്ഷമായതോടെ നിന്നുതിരിയാൻ സമയമില്ലാതെ ജോലിചെയ്യുന്ന ആശാവർക്കർമാർക്ക് ആകെ നൽകുന്നത് ദിവസം 200 രൂപ.
ഓരോ പഞ്ചായത്തിലും ആയിരം പേർക്ക് ഒരു ആശാവർക്കർ എന്നതാണ് കണക്ക്. മറ്റു തൊഴിലിന് പോകാതെ ആരോഗ്യരംഗത്ത് മാത്രമാണ് ആശാവർക്കർമാർ പ്രവർത്തിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ജോലിഭാരം ഇരട്ടിയായി. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവരാണ് ഭൂരിഭാഗവും. ഇവരെല്ലാം നടന്നുവേണം സേവനം ചെയ്യാൻ. ഇന്ധനവില വർദ്ധിച്ചപ്പോൾ വാഹനങ്ങൾ ഉള്ളവരെല്ലാം കഷ്ടത്തിലായി. കൊവിഡ് കാല ഇൻസെന്റീവും ഇപ്പോൾ ലഭിക്കുന്നില്ല.
2009ലാണ് സന്നദ്ധപ്രവർത്തകർ എന്ന നിലയിൽ ആശാപ്രവർത്തകരെ നിയോഗിക്കുന്നത്.
ആശാപ്രവർത്തകരുടെ കൊവിഡ് കാലത്തെ ജോലികൾ
പ്രതിരോധ മരുന്ന് വിതരണം
രോഗികളെ ആശുപത്രിയിലേക്ക് മാറ്റൽ
വാക്സിനേഷന് സഹായിക്കൽ വീടുകളിലെത്തി വാക്സിനേഷൻ രജിസ്ട്രേഷൻ.
രോഗികളായവരെ സന്ദർശിച്ച് സഹായം ചെയ്യൽ
രോഗമുക്തി വരെ കാര്യങ്ങൾ അന്വേഷിക്കൽ.
മുൻപുണ്ടായിരുന്ന ജോലികൾ
കിണർ ക്ലോറിനേഷൻ, പരിസരശുചീകരണം
കുട്ടികൾക്കും ഗർഭിണികൾക്കും യഥാസമയം കുത്തിവയ്പ് എടുപ്പിക്കൽ
പാലിയേറ്റീവ് പരിചരണം
ജനന മരണങ്ങൾ എല്ലാ മാസവും ആരോഗ്യ വകുപ്പിനെ അറിയിക്കുന്നു.
പകർച്ചവ്യാധികൾ പകരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കുന്നു
സാനിറ്റൈസേഷൻ കമ്മിറ്റി വിളിച്ചുകൂട്ടുന്നു
കക്കൂസ് ഇല്ലാത്തവരുടെ ലിസ്റ്റ് കൊടുക്കുന്നു
വയോജനങ്ങൾക്ക് എൻ.സി.ഡി മരുന്ന് വാങ്ങി കൊടുക്കുന്നു
ഡോക്സി ഗുളിക കർഷകർക്കും തൊഴിലുറപ്പുകാർക്കും നൽകുന്നു
കിടപ്പിലായ രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങി നൽകുന്നു