school

തിരുവനന്തപുരം: സ്‌‌കൂളുകൾ അടഞ്ഞു കിടക്കുകയും നിയന്ത്രണങ്ങൾ കാരണം പുറത്തിറങ്ങാൻ കഴിയാതെ വന്നത് കൊവിഡ് കാലത്ത് കുട്ടികൾക്കിടയിലെ മാനസിക പിരിമുറുക്കം വർദ്ധിപ്പിച്ചതായി കണക്കുകൾ. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ആകെ 78,186 കുട്ടികൾക്കാണ് കൊവിഡ് കാലത്ത് കൗൺസലിംഗ് നൽകിയത്. ഇതിൽ 78 കുട്ടികൾക്ക് മരുന്നുകളും നൽകി.

415 പേർ വിഷാദരോഗ ലക്ഷണങ്ങളും 91 പേർ ആത്മഹത്യാ പ്രവണതയും പ്രകടമാക്കി. കൊവിഡിനെ തുടർന്ന് സമൂഹത്തിലുണ്ടായ മാറ്റങ്ങൾക്ക് പുറമേ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുട്ടികളുടെ ശാരീരിക, മാനസിക ആരോഗ്യത്തെ ബാധിച്ചു. തുടർച്ചയായ ഓൺലൈൻ ക്ലാസുകൾ കുട്ടികളിലെ സമ്മർദ്ദേമറ്റി. മൊബൈൽ ഫോണിന്റെ തുടർച്ചായ ഉപയോഗം കുട്ടികളിൽ തലവേദന, വിഷാദം, കണ്ണുകളിലെ അസ്ഥസ്ഥത എന്നിവയ്ക്ക് കാരണമായിട്ടുണ്ട്. ഓൺലൈൻ ഗെയിമുകൾക്ക് അടിപ്പെട്ട് കൗൺസലർമാരുടെ സഹായം തേടിയ കുട്ടികളുമുണ്ട്. ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വർദ്ധനയുണ്ടായി. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇതിനകം 311 വിദ്യാർത്ഥികൾക്കാണ് കൗൺസലിംഗ് നൽകിയത്.

മിക്ക വീടുകളിലും ഓൺലൈൻ ക്ലാസുകൾക്കായി കുട്ടികളുടെ കൈകളിൽ എപ്പോഴും മൊബൈൽ ഫോണുണ്ടാകും. മാതാപിതാക്കളുടെ ശ്രദ്ധയിൽ നിന്ന് മാറുന്നതോടെ ഫോൺ ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യതയേറെയാണ്. കുട്ടികൾ അനാവശ്യ വെബ്സൈറ്റുകളിലേക്ക് പോകാതിരിക്കാൻ ഫോണിൽ പാരന്റൽ കൺട്രോൾ സംവിധാനം ഉപയോഗിക്കണമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് നിർദേശിച്ചിരുന്നു.

 കൗൺസലിംഗ് തേടിയവരുടെ എണ്ണം

ജില്ലാടിസ്ഥാനത്തിൽ

തിരുവനന്തപുരം- 5470

കൊല്ലം- 3570

പത്തനംതിട്ട -3084

ആലപ്പുഴ - 3358

കോട്ടയം - 8865

ഇടുക്കി -6700

എറണാകുളം- 11,292

തൃശൂർ- 9771

പാലക്കാട് -8823

മലപ്പുറം -2677

കോഴിക്കോട് -8224

വയനാട് -1859

കണ്ണൂർ- 3807

കാസർകോട്- 686

കൊച്ചുകുട്ടികൾ മുതൽ കൗമാരക്കാർ വരെ ഡിജിറ്റൽ ഉപകരണങ്ങൾക്ക് അടിപ്പെടുന്ന സാഹചര്യമുണ്ട്. വീടുകളിലെ പ്രശ്നങ്ങളും കുട്ടികളെ ബാധിക്കുന്നുണ്ട്. മുതിർന്നവരുടെ മാനസിക സമ്മർദ്ദങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കുന്നത് അവരുടെ മാനസികാരോഗ്യത്തെ ബാധിക്കും. കൗമാരക്കാരിൽ വിഷാദവും ഉത്കണ്‌ഠയും കൂടിവരുന്നത് പരിശോധിക്കണം. ഉറക്കമില്ലായ്മയും കുട്ടികളുടെ വലിയ പ്രശ്നമാണ്. കൊവിഡ് മുക്തരായ മൂന്നിലൊന്ന് ആളുകളിലും മാനസിക സമ്മർദ്ദം കാണപ്പെടുന്നുണ്ട്.

- ഡോ.അരുൺ ബി. നായർ

സൈക്യാട്രിസ്റ്റ്, തിരുവനന്തപുരം മെഡിക്കൽ കോളേജ്