death

കാസർകോട് : അഴിമുഖത്ത് മീൻപിടിത്ത വള്ളം തിരമാലയിൽ തകർന്ന് കാണാതായ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. കസബ കടപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ശശിധരന്റെ മകൻ സന്ദീപ് (29), അമ്പാടികടവന്റെ മകൻ രതീശൻ(33), ഷൺമുഖന്റ മകൻ കാർത്തിക്ക് (22) എന്നിവരാണ് മരിച്ചത്. സന്ദീപിന്റെയും കാർത്തിക്കിന്റെയും മൃതദേഹങ്ങൾ കോട്ടിക്കുളം കോടി കടപ്പുറത്ത് ഇന്ന് രാവിലെ കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. രതീഷിന്റെ മൃതദേഹം തിരച്ചിൽ നടത്തുകയായിരുന്ന മത്സ്യത്തൊഴിലാളികൾ കോട്ടിക്കുളം കടലിൽ നിന്ന് രാവിലെ കണ്ടെത്തി കരയ്ക്കെത്തിച്ചു.

മൂന്ന് പേരുടെയും മൃതദേഹങ്ങൾ പിന്നീട് പോസ്‌റ്റുമോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ കൂടെ വള്ളത്തിൽ ഉണ്ടായിരുന്ന സോമന്റെ മകൻ രവി (40), ലക്ഷ്‌മണന്റെ മകൻ ഷിബിൻ (30), ഭാസ്‌ക്കരന്റെ മകൻ മണികുട്ടൻ (35), വസന്തന്റെ മകൻ ശശി (30) എന്നിവർ പരിക്കുകളോടെ നീന്തി രക്ഷപ്പെട്ടിരുന്നു. ഇവരും കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

എൻജിൻ ഘടിപ്പിച്ച് ഫൈബർ വള്ളത്തിൽ മീൻ പിടിക്കാൻ പോകുന്നതിനിടയിൽ കാസർകോട് പുലിമുട്ടിന് സമീപം പെട്ടെന്നുണ്ടായ അടിയൊഴുക്കിൽ അകപ്പെട്ട് ഇന്നലെ രാവിലെ ആറോടെയാണ് അപകടം ഉണ്ടായത്. രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ കടൽ ഭാഗത്തേക്ക് നീന്തിപ്പോയതിനാൽ ഇവർ തിരമാലയിൽ അകപ്പെടുകയായിരുന്നു.

മൂവരും സ്ഥിരമായി മീൻ പിടിക്കാൻ പോകുന്നവരും നീന്തൽ വശമുള്ളവരാണ്. രക്ഷപ്പെട്ട നാലുപേരും തകർന്ന തോണിയുടെ വശങ്ങളിൽ പിടിച്ചുതൂങ്ങുകയായിരുന്നു. ശക്തമായ തിരമാലകളുടെ അടിയേറ്റെങ്കിലും നാലുപേരും പിടിവിടാൻ തയ്യാറായില്ല. കരക്കടിഞ്ഞ തോണിയുടെ ഒപ്പം തന്നെ ഇവരും കരയിലെത്തി. ഫൈബർ തോണി ശക്തമായ തിരമാലയിൽപ്പെട്ട് ഭാഗികമായി തകർന്ന നിലയിലാണ് കരയ്ക്കടിഞ്ഞത്.