രാമനാട്ടുകര: കഴിഞ്ഞ ദിവസം രണ്ടു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന സ്ഥലവും രാമനാട്ടുകര ബൈപ്പാസ് വികസനം ചർച്ച ചെയ്യുന്നതിനുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ് രാമനാട്ടുകര ബൈപ്പാസിൽ മിന്നൽ സന്ദർശനം നടത്തി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മന്ത്രി സന്ദർശനം നടത്തിയത്.
കോഴിക്കോട് ബൈപാസ് ആറുവരിപ്പാത നിർമ്മാണ പ്രവൃത്തി വൈകിപ്പിക്കുന്ന കരാർ കമ്പനിയുടെ അനാസ്ഥയിൽ ഇടപെടുമെന്ന് ശനിയാഴ്ച കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ മന്ത്രി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മന്ത്രിയുടെ സന്ദർശനം. രാമനാട്ടുകര മുതൽ വെങ്ങളം വരെ 28.4 കിലോമീറ്ററാണ് ആറുവരിയായി വികസിപ്പിക്കുന്നത്. 2018 ഏപ്രിലിൽ കരാർ ഉറപ്പിച്ച ഏഴു മേൽപാലങ്ങൾ ഉൾപ്പെടെയുള്ള ബൃഹദ് പദ്ധതിയാണ് കോഴിക്കോട് ബൈപാസ് ആറുവരിപ്പാത. രണ്ടു വർഷമായിരുന്നു കരാർ കാലാവധി. 2020ൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയാണ് നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. എന്നാൽ കരാർ കമ്പനിയുടെ അനാസ്ഥ കാരണം നിർമാണ പ്രവൃത്തി നടന്നില്ല.
കെ.എം.സി കൺസ്ട്രഷൻ കമ്പനിയാണ് കരാറുകാർ. മഴക്കാലത്ത് ദേശീയപാതയിൽ കുഴികൾ രൂപപ്പെടുന്നത് യാത്രക്കാരുടെ മരണത്തിന് ഇടയാക്കുന്നുണ്ട്. ഇത് സംബന്ധിച്ച് നിരവധി തവണ കത്തെഴുതിയിട്ടും പ്രശ്‌നം പരിഹരിക്കാൻ കരാറുകാർ തയ്യാറായിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.