വർക്കല:വർക്കല നഗരസഭയിൽ ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട്ഫോൺ ഉൾപ്പെടെയുളള പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിനുളള പ്രവർത്തനം ഊർജിതമാക്കാൻ ചെയർമാൻ കെ.എം.ലാജിയുടെ അദ്ധ്യക്ഷതയിൽ നടന്ന കൗൺസിൽയോഗം തീരുമാനിച്ചു.സ്കൂളുകളിലും വാർഡ് തലങ്ങളിലും പ്രവർത്തനം ശക്തിപ്പെടുത്തും. എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ലഭിക്കുന്നതിന് നഗരസഭയുടെയും എസ്.എസ്.കെയുടെയും ആഭിമുഖ്യത്തിൽ എല്ലാ സ്കൂളുകളിലെയും പ്രഥമാദ്ധ്യാപകരും കൗൺസിലർമാരും പങ്കെടുത്ത വിദ്യാഭ്യാസ സമിതി യോഗവും ചേർന്നു. പഠനസൗകര്യം ആവശ്യമായ വിദ്യാർത്ഥികളുടെ കണക്കെടുക്കുന്നതിന് സ്കൂളുകളിലും വാർഡുകളിലും കൗൺസിലർമാർ പങ്കെടുക്കുന്ന യോഗങ്ങൾ ചേരാൻ തീരുമാനിച്ചു.ശിവഗിരി ഹയർസെക്കൻഡറി സ്കൂൾ ഇതിനകം സമ്പൂർണ ഡിജിറ്റൽ സ്കൂളായി മാറിയിട്ടുണ്ട്.വർക്കല ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിലും നടയറ എച്ച്.എസിലുമടക്കം ആറ് സ്കൂളുകളിലായി ഇനിയും 99 ഓൺലൈൻ പഠനോപകരണം ആവശ്യമുണ്ട്. അദ്ധ്യാപകരും കൗൺസിലർമാരും നടത്തുന്ന ശ്രമങ്ങൾക്കൊപ്പം രക്ഷാകർത്താക്കളും പൂർവ വിദ്യാർത്ഥികളും പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.