jeep

ആലക്കോട്: ആറ് പതിറ്റാണ്ട് മലയോരത്തിന്റെ രാജാവായി വിഹരിച്ച ജനകീയ വാഹനത്തിന് മരണമണി മുഴങ്ങുന്നു. ചെളിയും കുഴികളും കയറ്റിറക്കങ്ങളും നിറഞ്ഞ മലമ്പാതകളിൽ ആളുകളുടെ ആശ്രയമായിരുന്ന ജീപ്പുകളാണ് പതിയെ പടിയിറങ്ങുന്നത്.
കുടിയേറ്റത്തിന്റെ ആദ്യ നാളുകളിൽ മലയോരത്തെ കാട്ടുപാതകൾ അടക്കിവാണിരുന്നത് കൂപ്പുലോറികളായിരുന്നു. കുടിയേറ്റക്കാരായ ആളുകൾ കാട് വെട്ടിത്തെളിച്ച് കൃഷി ചെയ്തുതുടങ്ങിയതോടെ കാർഷികോത്പന്നങ്ങൾ ദൂരെയുള്ള ടൗണുകളിലെത്തിച്ച് വില്പന നടത്തുന്നതിനും മടങ്ങിവരുമ്പോൾ വീട്ടിലേയ്ക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങിക്കൊണ്ടു പോരുന്നതിനുമൊക്കെ പ്രയാസം നേരിട്ടിരുന്നു.

ടാറിങ് നടക്കാത്ത മലയോരത്തെ മൺപാതകളിൽ കൂടി വില്ലീസ് ജീപ്പുകൾ നിഷ്പ്രയാസം നിറയെ യാത്രക്കാരെയും വഹിച്ചുകൊണ്ട് രാപ്പകൽ സർവീസ് തുടങ്ങി. ആദ്യകാലങ്ങളിൽ സാമ്പത്തിക ശേഷിയുള്ളവർക്ക് മാത്രമാണ് സ്വന്തമായി ജീപ്പുകളുണ്ടായിരുന്നത്. പിന്നീട് സാധാരണക്കാർക്കും ജീപ്പ് വാങ്ങാവുന്ന സ്ഥിതി വന്നു.
ഡ്രൈവറെ കൂടാതെ അഞ്ച് പേർക്കാണ് ജീപ്പിൽ സഞ്ചരിക്കാൻ മോട്ടോർ വാഹനവകുപ്പ് അനുവദിച്ചിട്ടുള്ളതെങ്കിലും യാത്രാക്ലേശമുള്ള പ്രദേശങ്ങളിൽ 20-25 ആളുകളെവരെ കയറ്റി ജീപ്പുകൾ മലമ്പാതകളിലൂടെ ചീറിപ്പായുന്നത് ഏതാനും വർഷം മുമ്പ് വരെ മലയോരത്തെ സ്ഥിരം കാഴ്ചയായിരുന്നു. കാർഷിക ഉത്പന്നങ്ങൾ കയറ്റിക്കൊണ്ടു പോകാനും ജീപ്പിനെ വെല്ലാൻ ആരുമില്ലായിരുന്നു. ടൗണുകൾ കേന്ദ്രീകരിച്ച് ജീപ്പ് സ്റ്റാൻഡുകളും ഉണ്ടായിരുന്നത് കൊണ്ട് ആർക്കും എപ്പോൾ വേണമെങ്കിലും ജീപ്പുകൾ വിളിപ്പാടകലെ ഉണ്ടായിരുന്നു.

കാലചക്രം കറങ്ങിത്തിരിഞ്ഞ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിയതോടെ നാട്ടിലെ റോഡുകളൊക്കെ കറുപ്പണിഞ്ഞു. കാർഷിക വൃത്തിയിൽ നിന്നും പുതുതലമുറ പിന്നാക്കം പോകുകയും മറ്റുതൊഴിലുകൾ ചെയ്ത് വരുമാനമുണ്ടാക്കാനും തുടങ്ങിയതോടെ ബൈക്കുകളും കാറുകളുമൊക്കെ നിരത്തിൽ ആധിപത്യമുറപ്പിച്ചു. കൂടാതെ ഓട്ടോറിക്ഷകൾ മലയോരത്തേക്കും കടന്നുകയറിയതോടെ ജീപ്പുകൾ പൂർണ്ണമായും പിന്തള്ളപ്പെടുകയായിരുന്നു.

എന്നിരുന്നാലും ഏത് ടൗണുകളിൽ ചെന്നാലും ഒന്നോ രണ്ടോ ജീപ്പുകൾ ഇപ്പോഴും ഓട്ടം പോകാൻ തയ്യാറായി കിടപ്പുണ്ടാകും. അടുത്തകാലത്ത് 15 വർഷത്തിലേറെ പഴക്കംചെന്ന വാഹനം നിരത്തിൽ നിന്നും പിൻവലിക്കാനുള്ള നടപടിയുണ്ടാകുമെന്ന വാർത്ത പരന്നതോടെ മലയോരം ആശങ്കയിലായി. ജീപ്പുകൾ തീർത്തും ഒഴിവാക്കാൻ തങ്ങൾക്കാവില്ലെന്നും മലയോര റോഡുകൾക്ക് ഏതുകാലാവസ്ഥയിലും ആശ്രയിക്കാവുന്നത് ജീപ്പിനെ മാത്രമാണെന്നുമാണ് ജീപ്പ് പ്രേമികളുടെ കൂട്ടായ്മയുടെ വാദം.