കല്ലമ്പലം: പോക്സോ കേസിൽ അറസ്റ്റിലായ നാവായിക്കുളം പഞ്ചായത്ത് അംഗം സഫറുള്ളയുടെ പഞ്ചായത്തംഗത്വം അയോഗ്യമാക്കണമെന്നും ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി പ്രത്യേക പഞ്ചായത്ത്‌ കമ്മിറ്റി വിളിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്‌ പഞ്ചായത്തംഗങ്ങൾ സെക്രട്ടറിക്ക് കത്ത് നൽകി. സഫറുള്ള റിമാൻഡിൽ കഴിയുകയാണ്. എന്നാൽ പഞ്ചായത്തംഗത്വം രാജിവച്ചിട്ടില്ല. സംഭവത്തിനു ശേഷം 3 ജനറൽ യോഗങ്ങളും 4 വികസന സ്റ്റാൻഡിംഗ് കമ്മിറ്റി യോഗങ്ങളും കഴിഞ്ഞു. സംഭവം ചർച്ച ചെയ്യാൻ വേണ്ട സാഹചര്യം വേഗം ഒരുക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. എസ്. മണിലാൽ, നിസ നിസാർ, ജി.ആർ. സീമ, റീന ഫസൽ, റഫീക്കാ ബീവി, ബ്രില്ല്യന്റ് നഹാസ്, ലിസി. എസ്, സുഗന്ധി.പി എന്നിവരാണ് കത്ത് നൽകിയത്.