k-sudhakaran

''ഒരു രൂപയുടെയെങ്കിലും അഴിമതി തെളിയിച്ചാൽ
രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കും''

തിരുവനന്തപുരം: തനിക്കെതിരെ വിജിലൻസല്ല, സി.ബി.ഐയോ ജുഡിഷ്യൽ കമ്മിഷനോ അന്വേഷിച്ചാലും ഒരു കുഴപ്പവുമില്ലെന്നും ഒരു രൂപയുടെയെങ്കിലും അഴിമതിയോ ക്രമക്കേടോ തെളിയിച്ചാൽ അന്ന് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. വിജിലൻസ് അന്വേഷണത്തെക്കുറിച്ച് വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മിനെതിരെ തീക്കുണ്ഡമുയരുമ്പോൾ തിരിച്ചൊരു ഓലച്ചൂട്ട് കത്തിക്കാനെങ്കിലും അവർക്ക് സാധിക്കേണ്ടേ. അതിനാണ് ഈ അന്വേഷണം. 2013ൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളാണ് പരാതിക്കാരൻ. ഒന്നോ രണ്ടോ ദിവസം എന്റെ വണ്ടി ഓടിച്ചിട്ടുണ്ടെന്നല്ലാതെ ഡ്രൈവർ തസ്തികയിലുണ്ടായിട്ടില്ല. ഡി.സി.സി ഓഫീസ് സെക്രട്ടറിയുമായിട്ടില്ല. അയാൾക്ക് ജോലി കൊടുത്തത് പാർട്ടിയാണ്. പാർട്ടിയോട് വഞ്ചന കാട്ടിയപ്പോൾ പുറത്താക്കി. കൂത്തുപറമ്പ് മൂന്നാംപീടികയിൽ ഇയാളുടെ വീടിനടുത്ത് പൊതുയോഗം നടന്നപ്പോൾ ഇയാൾ തന്നെ വീട്ടിലേക്ക് ഭക്ഷണത്തിന് ക്ഷണിച്ചു. അതിലൊരു കെണിയുണ്ടെന്ന് പ്രവർത്തകർ ബോദ്ധ്യപ്പെടുത്തിയപ്പോൾ പിന്മാറി. അവിടെ കല്ല് കൊത്തിയെടുത്ത കപ്പണയിൽ അന്ന് തന്നെ ആക്രമിക്കാനായി സി.പി.എം ഗുണ്ടകൾ ഒളിച്ചിരുന്നു. തിരിമറി നടത്തിയതിന് പണിയെടുത്ത ബാങ്കിൽ നിന്ന് അയാളെ പുറത്താക്കിയിരുന്നു. കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ഇയാൾ പണം വാങ്ങി. ഇങ്ങനെയൊരാളുടെ പരാതിയിന്മേൽ വിജിലൻസ് അന്വേഷണത്തിന് മുതിരുമ്പോൾ അതിന്റെ പിന്നാമ്പുറം പരിശോധിക്കേണ്ടേ.

ഡി.സി.സി ഓഫീസുമായി ബന്ധപ്പെട്ട കൃത്യമായ വരവുചെലവ് കണക്ക് മൂന്ന് മാസം കൂടുമ്പോൾ അതത് പ്രസിഡന്റുമാർ കമ്മിറ്റിയെ ബോദ്ധ്യപ്പെടുത്താറുണ്ട്. അവിടെ ഒരാൾക്കും പരാതിയുണ്ടായിട്ടില്ല. ഡി.സി.സി ഓഫീസ് പുനർനിർമ്മാണ ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ട് ആർക്കും പരിശോധിക്കാം. കെ. കരുണാകരൻ പഠിച്ച ചിറയ്ക്കൽ രാജാസ് സ്കൂൾ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചെങ്കിലും തങ്ങളുദ്ദേശിച്ചതിലും കൂടുതൽ കാശ് കൊടുത്ത് സി.പി.എം അത് വാങ്ങി. തങ്ങളുടെ ഭാഗത്തുനിന്ന് അതിന് മുൻകൈയെടുത്തത് എഡ്യൂപാർക്ക് എന്ന കമ്പനിയാണ്. അതിന്റെ ഡയറക്ടർബോർഡിൽ ഒരാൾപോലും ഇന്നുവരെ പരാതിപ്പെട്ടിട്ടില്ല. ഏറ്റവും കുറച്ചുതവണ ഗൾഫിൽ പോയ ആളാണ് താൻ. അവിടെ ആരോടെങ്കിലും കാശ് ചോദിച്ചെന്ന് തെളിയിച്ചാലും രാഷ്ട്രീയം നിറുത്തും.

സി.പി.എമ്മിനെ ശക്തമായി തുറന്നെതിർക്കുന്ന വേറൊരു നേതാവില്ലെന്ന തോന്നലിലാണ് അവർ തനിക്കെതിരെ നീങ്ങുന്നത്. കൊടി സുനി സി.പി.എമ്മിലില്ലെന്ന് പറയാനുള്ള നട്ടെല്ല് സി.പി.എമ്മിനുണ്ടോ? ആയങ്കിയുടെ ബോസ് ആരാണ്? അഴിമതിയിലും കൊള്ളയിലും കുളിച്ചുനിൽക്കുന്ന നിരയാണ് സി.പി.എമ്മിലെന്നും സുധാകരൻ പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റിനെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ലെന്ന് വർക്കിംഗ് പ്രസിഡന്റ് പി.ടി. തോമസ് പറഞ്ഞു. മറ്റ് വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷും ടി. സിദ്ദിഖും പങ്കെടുത്തു.