വെള്ളറട: അതിർത്തി ഗ്രാമങ്ങളിൽ വ്യാപകമാകുന്ന കഞ്ചാവ് വില്പനയ്ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. നിയന്ത്രണാധീതമായാണ് ഗ്രാമങ്ങളിൽ പൊതി കഞ്ചാവ് വില്പന നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നത്. കേരള-തമിഴ്നാട് അതിർത്തിയായ പനച്ചമൂട്ടിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്ന സംഘങ്ങൾ നിരവധിയാണ്. കഞ്ചാവ് വില്പനയെക്കുറിച്ച് എക്സൈസിന് വിവരം നൽകുന്നു എന്നാരോപിച്ച് കഴിഞ്ഞ ദിവസം ഒരാളെ രണ്ടുപേർ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവവുമുണ്ടായി. ആക്രമികളെ പിടികൂടാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഒരാഴ്ചയ്ക്കു മുമ്പാണ് കാക്കതൂക്കി കീഴുമുട്ടൂരിൽ കഞ്ചാവ് പിടിക്കാനെത്തിയ പൊലീസ് സംഘത്തിനുനേരെ ആക്രമണ മുണ്ടായത്. കർശനമായ പരിശോധന നടത്തി കഞ്ചാവ് കച്ചവട സംഘങ്ങളെ അമർച്ച ചെയ്യാൻ ശക്തമായ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഞ്ചാവ് വില്പന സംഘങ്ങളുടെ കെണിയിൽ അകപ്പെട്ടിരിക്കുന്നതിൽ അധികവും വിദ്യാർത്ഥികളാണ്. അതിനാൽ തന്നെ ആവശ്യക്കാർക്ക് ഇത്തരത്തിൽ വിദ്യാർത്ഥികളെ ഉപയോഗിച്ച് കഞ്ചാവ് വില്പന നടത്തുകയാണ് പതിവ്.