ആറ്റിങ്ങൽ: അഞ്ചു വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ വെള്ളല്ലൂർ വട്ടവിള സ്വദേശി രാഘവനെ ആറ്റിങ്ങൽ പോക്സോ കോടതി ശിക്ഷിച്ചു. 10 വർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് വിധിച്ചത്. പിഴതുക കുട്ടിക്ക് നൽകണമെന്നും, തുക കെട്ടിവയ്ക്കാത്തപക്ഷം ഒരുവർഷം കൂടി തടവനുഭവിക്കണമെന്നുമാണ് വിധി.

2016 ജൂലായ് 30 നാണ് കേസിന് ആസ്പദമായ സംഭവം. ട്യൂഷനുപോയി മടങ്ങിയ കുട്ടിയെയാണ് പ്രതി കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയത്. മാതാവ് നൽകിയ മൊഴിയിൽ കിളിമാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് (പോക്സോ ) അഡിഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജ് പ്രഭാഷ് ലാൽ ടി.പി വിധി പ്രസ്താവിച്ചത്. സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. എം. മുഹസിൻ ഹാജരായി. കിളിമാനൂർ എസ്.ഐ ആയിരുന്ന യഹിയ അന്വേഷണം നടത്തി ചാർജ് ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷൻ 8 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ സാക്ഷിമൊഴിയും മെഡിക്കൽ പരിശോധന രേഖയും കേസിലെ പ്രധാന തെളിവുകളായി.