നെയ്യാറ്റിൻകര: മുള്ളറവിള അക്ഷയകേന്ദ്രം വാട്സ്ആപ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പെരുമ്പഴുതൂർ ഹൈസ്കൂളിലെ നിർദ്ധന വിദ്യാർത്ഥികൾക്ക് നെറ്റ് കണക്ഷനോടെ സൗജന്യ സ്മാർട്ട്‌ ഫോൺ നൽകുന്ന 'അറിവിൻ നിലാവ്' പദ്ധതി ഇന്ന് വൈകിട്ട് മൂന്നിന് സ്കൂളങ്കണത്തിൽ കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിൻകര നഗരസഭയിൽ പെരുമ്പഴുതൂർ, ആലംപൊറ്റ, വടകോട്, മുട്ടക്കാട്, മുളളറവിള, മാമ്പഴക്കര തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികൾക്കാണ് പദ്ധതി പ്രയോജനപ്പെടുക. പി.ടി.എ പ്രസിഡന്റ്‌ മുരുകൻ, അക്ഷയകേന്ദ്രം ജില്ലാ പ്രൊജക്റ്റ്‌ മാനേജർ ജിതിൻ രാജ് എന്നിവർ പങ്കെടുക്കും. എസ്.ഐ ആനിശിവ, കൊവിഡിനെതിരെ ബോധവത്കരണ ചിത്രങ്ങൾ വരച്ച് ഇന്ത്യ ബുക്ക്‌ ഒഫ് റെക്കാഡ്സിൽ ഇടം നേടിയ പൂർവ വിദ്യാർത്ഥി സൂരജ് എന്നിവരെ ചടങ്ങിൽ ആദരിക്കും. ജില്ലയിൽ ഇതാദ്യമായാണ് അക്ഷയകേന്ദ്രം വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ 250ഓളം അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ സ്കൂൾ വിദ്യാർത്ഥികൾക്കായി സ്മാർട്ട്‌ ഫോൺ ചലഞ്ച് നടപ്പാക്കുന്നത്.