pc-chacko

തിരുവനന്തപുരം: കോൺഗ്രസിന്റെ സംസ്‌കാരത്തോട് താദാത്മ്യം പ്രാപിക്കാൻ രാഹുൽഗാന്ധിക്ക് കഴിയുന്നില്ലെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ അമേത്തിയെ ഉപേക്ഷിച്ച് വയനാട്ടിൽ മത്സരിച്ചപ്പോൾ തന്നെ ഉത്തരേന്ത്യയിൽ കോൺഗ്രസിന്റെ അടിവേരിളകിയെന്നും കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ ചാക്കോ പറഞ്ഞു.

കോൺഗ്രസ് തിരിച്ചുവരാൻ കഴിയാത്തവിധം ദുർബലമായി. ഇതാണ് കോൺഗ്രസ് വിടാൻ പ്രേരിപ്പിച്ചത്. ഇടതുപക്ഷത്താണ് തന്റെ സജീവ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചത്. അതറിയാത്തവരാണ് വിമർശിക്കുന്നത്.

രാജ്യത്ത് ബി.ജെ.പി വിരുദ്ധമുന്നണിയായി വളരാൻ പ്രാദേശിക പാർട്ടികളുടെ സഖ്യത്തിനേ കഴിയൂ. ലോക്‌സഭയിൽ ഡോ. ശശി തരൂർ നേതാവാകുന്നത് കോൺഗ്രസിന് നല്ലതാണ്. താൻ ഏത് ഗ്രൂപ്പിലാണെന്ന് പോലുമറിയാത്ത നേതാവാണ് കെ. സുധാകരനെന്നും ചാക്കോ പറഞ്ഞു.

 മരംമുറിക്കലിനെ ന്യായീകരിച്ച് ചാക്കോ

പട്ടയ ഭൂമിയിൽ വ്യവസ്ഥയ്‌ക്ക് അനുസൃതമായി മരം മുറിക്കാൻ അവകാശം വേണമെന്നത് വർഷങ്ങളായുള്ള കർഷകരുടെ ആവശ്യമാണെന്ന് പി.സി. ചാക്കോ പറഞ്ഞു. 2013ലെ ഉമ്മൻ ചാണ്ടി സർക്കാരാണ് മരം മുറിക്കാൻ അവകാശം നൽകുന്ന നിയമം പാസാക്കിയത്. സർക്കാരിനെതിരെ വേറെ വിവാദങ്ങളില്ലാത്തതിനാലാണ് മരംമുറിക്കൽ കൊണ്ടുവന്നത്. കൃഷിക്കാരുടെ അവകാശം അനുവദിക്കണമെന്നാവശ്യപ്പെടുന്ന രമേശ് ചെന്നിത്തലയുടെ കത്ത് മുഖ്യമന്ത്രിക്ക് മുന്നിലുണ്ട്. വിവാദത്തിൽ എൻ.സി.പിക്ക് പങ്കില്ല. മന്ത്രി എ.കെ. ശശീന്ദ്രനെ മാറ്റണോയെന്നത് ദേശീയ നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും ചാക്കോ പറഞ്ഞു.