നെയ്യാറ്റിൻകര: നെയ്യാറ്റൻകര ആയുർവേദ ആശുപത്രിയെ മുഖം മിനുക്കി മൾട്ടി സ്പെഷ്യൽ സംവിധാനത്തിലേക്ക് മാറ്റാൻ നഗരസഭ കൗൺസിൽ യോഗത്തിൽ അംഗീകാരം. തലസ്ഥാന ജില്ലയിലെ തന്നെ പതിറ്റാണ്ടുകൾ പഴക്കമുളള സർക്കാർ ആയുർവേദ ആശുപത്രിയെ സ്പെഷ്യാലിറ്റി സംവിധാനത്തിലേക്ക് അപ്ഗ്രേഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഒാഫീസർ (ഐ.എസ്.എം) നൽകിയ കത്താണ് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി കൗൺസിൽ ശുപാർശ ചെയ്ത് നഗരസഭ കൗൺസിൽ ഐകകണ്ഠ്യേന അംഗീകരിച്ചത്. നെയ്യാറ്റിൻകര മൂന്നുകല്ലിൻമൂട്ടിൽ സ്ഥിതിചെയ്യുന്ന പഴയ കഷായാശുപത്രിക്ക് പുതിയ ആരോഗ്യ മുഖച്ഛായ നൽകി ജനങ്ങൾക്ക് സമർപ്പിക്കാൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പദ്ധതി ആസൂത്രണം ചെയ്യുമെന്ന് നഗരസഭ അറിയിച്ചു.
താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിനംപ്രതി നൂറുകണക്കിന് രോഗികളാണ് ആയുർവേദ ചികിത്സയ്ക്കായി എത്തുന്നത്. ആശുപത്രിക്ക് സ്വന്തമായി 2.75 ഏക്കറോളം ഭൂമിയുണ്ടെങ്കിലും പതിറ്റാണ്ടുകൾ പഴക്കമുളള ആശുപത്രി ഷീറ്റിട്ട കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കേരളത്തിൽ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിൽ എല്ലാ ആധുനിക ചികിത്സാ സംവിധാനങ്ങളുമുളള ഒരു ആശുപത്രി നിലവിലില്ലാത്തതിനാൽ നെയ്യാറ്റിൻകരയിലെ ആയുർവേദ ആശുപത്രിയെ അത്തരത്തിൽ ഉയർത്തിക്കൊണ്ടുവരാനുളള എല്ലാ സാഹചര്യങ്ങളും സൗകര്യങ്ങളുമുളളതിനാൽ നഗരസഭ അടിയന്തര ശ്രദ്ധ നൽകി പദ്ധതി നടപ്പിലാക്കണമെന്ന് ജില്ലാ മെഡിക്കൽ ഒാഫീസർ കത്തിലൂടെ ആവശ്യപ്പെട്ടു.
ആശുപത്രിക്ക് സ്വന്തമായുള്ളത്............ 2.75 ഏക്കർ
ഇവിടെ പ്രവർത്തിക്കുന്നത്
സ്ത്രീകൾക്കും പുരുഷൻമാർക്കുമായി 15 കീടക്കകൾ വീതമുളള ജനറൽവാർഡ്
വിഷം, നേത്രം എന്നീ പ്രത്യേക വിഭാഗവും സിദ്ധ ഡിസ്പെൻസറിയും
ജീവിത ശൈലീരോഗങ്ങൾക്ക് 'ജീവനി' പ്രോജക്ട് വിഭാഗം
നാഷണൽ ആയുഷ് മിഷന്റെ കീഴിൽ 6 മുതൽ 16 വയസ് വരെയുളള കുട്ടികൾക്കുളള നേത്ര ചികിത്സയ്ക്കായി 'മിഴി' പ്രോജക്ട്
യോഗ വെൽനസ് സെന്ററും ഒ.പി, ഐ.പി വിഭാഗവും
കിടക്കകൾ അപര്യാപ്തം
സർക്കാർ അനുവദിച്ചിട്ടുളള 30 കിടക്കകൾക്ക് പുറമേ കെ.എച്ച്.ആർ.ഡബ്ല്യു.എസ് പേവാർഡുകളുമാണുളളത്. നിലവിൽ 60ഓളം പേർ കിടത്തി ചികിത്സയിലുമുണ്ട്. കിടക്കകളുടെ അപര്യാപ്ത കാരണം ബുക്കിംഗ് സംവിധാനത്തിലൂടെയാണ് രോഗികളെ അഡ്മിറ്റ് ചെയ്യുന്നത്.
നവീകരണം വേണം
കാലപ്പഴക്കം കാരണം കെട്ടിടത്തിന്റെ അവസ്ഥയും ശോചനീയമാണ്. ഭിത്തികളുടെ പല ഭാഗങ്ങളിലും സിമന്റ് ഇളകി വീണ് അവിടങ്ങളിലെല്ലാം ക്ഷുദ്രജീവികൾ വസിക്കുന്നത് രോഗികളുടെയും ജീവനക്കാരുടെയും ജീവനും ഭീഷണിയാണ്. കാലപ്പഴക്കം കാരണം ഇലക്ട്രിക് സംവിധാനങ്ങളുടെ പ്രവർത്തനവും അവതാളത്തിലാണ്. ആയുർവേദ പാരമ്പര്യമുളള നാട്ടിൽ നെയ്യാറ്റിൻകരയിലെ ആയുർവേദ ആശുപത്രിക്ക് അർഹമായ അംഗീകാരം നൽകി നവീകരിക്കണമെന്നാണ് പ്രദേശവാസികളടക്കമുളളവരുടെ ആവശ്യം.
ആശുപത്രിക്ക് ആവശ്യത്തിന് വിശാലമായ സ്ഥലസൗകര്യമുള്ളതിനാൽ ആധുനികചികിത്സാ സംവിധാനങ്ങളുളള വിവിധ വകുപ്പുകൾ യാഥാർത്ഥ്യമാക്കി 250 കിടക്കകളുളള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാണ് വിഭാവനം ചെയ്യുന്നത്.
ജെ. ജോസ് ഫ്രാങ്ക്ലിൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ