ആറ്റിങ്ങൽ:സി കാറ്റഗറിയായ ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ നിരവധി സ്ഥാപനങ്ങൾ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്നതിനെ തുടർന്ന് നഗരസഭ ഹെൽത്ത് സ്ക്വാഡ് പരിശോധന ശക്തമാക്കി.ആലംകോട് ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ഒരു സ്വകാര്യ ലാബിന് ലൈസൻസോ നിയമപരമായ പ്രവർത്തനാനുമതിയോ ഉണ്ടായിരുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം ഹെൽത്ത്‌ സ്ക്വാഡിന്റെ നേതൃത്വത്തിൽ അടച്ചുപൂട്ടി തുടർ നടപടി സ്വീകരിച്ചു.അവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ഒഴികെയുള്ളവയ്ക്ക് വെള്ളിയാഴ്ച്ച മാത്രമെ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ളൂ.സർക്കാർ പുറത്തിറക്കിയിട്ടുള്ള മാർഗ്ഗരേഖ ലംഘിക്കുന്ന സ്ഥാപനത്തിനും വ്യക്തികൾക്കുമെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും നഗരസഭ ആരോഗ്യ വിഭാഗം,താലൂക്ക് ഭരണകൂടം, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധനകൾ ശക്തമാക്കുമെന്നും ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി പറ‌‌ഞ്ഞു. ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ഇൻസ്പെക്ടർ എസ്.എസ്.മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.വി.സിദ്ദീഖ്, എൽ.എസ്.ഷെൻസി എന്നിവരുടെ നേതൃത്തിലായിരുന്നു പരിശോധന.