തിരുവനന്തപുരം: നിയന്ത്രണങ്ങൾ ഒഴിവാക്കി വ്യാപാരസ്ഥാപനങ്ങൾ എല്ലാ ദിവസവും തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരിവ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഇന്ന് സംസ്ഥാന വ്യാപകമായി എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ച് പണിമുടക്കും.
ഹോട്ടലുകളും മെഡിക്കൽ ഷോപ്പുകളും ഉൾപ്പടെ അടച്ചിടും. പഞ്ചായത്ത് ഓഫീസ്, മുനിസിപ്പൽ ഓഫീസ്, കോർപ്പറേഷൻ ഓഫീസ് മറ്റു സർക്കാർ ഓഫീസുകൾ എന്നിവയ്‌ക്ക് മുന്നിൽ വ്യാപാരികൾ ഉപവാസ സമരം നടത്തും. സെക്രട്ടേറിയറ്റിന് മുന്നിൽ 14 ജില്ലാ പ്രസിഡന്റുമാരും സംസ്ഥാന ഭാരവാഹികളും രാവിലെ 10 മുതൽ 5 വരെ ഉപവസിക്കും. സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ധീൻ ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി രാജു അപ്‌സര, ട്രഷറർ ദേവസ്യ മേച്ചേരി, സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
കടകൾ തുറക്കാൻ കഴിയാതെ നിരവധി വ്യാപാരികൾ ആത്മഹത്യ ചെയ്‌തെന്നും സർക്കാർ കൊവിഡ് നിയന്ത്രണങ്ങളിൽ അയവുവരുത്തി വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണമെന്നും ഏകോപന സമിതി ആവശ്യപ്പെട്ടു.