തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം ചെയ്തുള്ള ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ശുദ്ധീകരണ പ്രക്രിയയിലേക്ക് കടക്കാനായി സി.പി.എം സംസ്ഥാന നേതൃയോഗം ഇന്ന് തുടങ്ങുന്നു. ഇന്നും നാളെയും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനകമ്മിറ്റിയും നടക്കും. വ്യാഴാഴ്ച യോഗമില്ല.
വിവിധ ജില്ലാ കമ്മിറ്റികളിലുയർന്നു വന്ന ആരോപണ-പ്രത്യാരോപണങ്ങളുടെയും ഉയർന്ന പരാതികളിന്മേൽ അന്വേഷണകമ്മിഷനുകളെ നിയോഗിച്ചതിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാന സമിതി തുടർനടപടികളിലേക്ക് കടന്നേക്കുമെന്നാണ് സൂചനകൾ. ഇതിൽ ആലപ്പുഴയിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. സുധാകരനെതിരെ സലാം ഉൾപ്പെടെയുള്ളവർ നടത്തിയ രൂക്ഷവിമർശനമാണ് പാർട്ടിക്കുള്ളിലെ ചൂടേറിയ ചർച്ച.
കുണ്ടറയിലെയും കരുനാഗപ്പള്ളിയിലെയും തോൽവികൾ അന്വേഷിക്കാൻ കൊല്ലം ജില്ലാകമ്മിറ്റി കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. കുണ്ടറയിലെ തോൽവിക്ക് പ്രധാന കാരണം ബി.ജെ.പി വോട്ട് മറിച്ചതാണെന്നാണ് ജില്ലാകമ്മിറ്റിയുടെ റിവ്യുറിപ്പോർട്ട്.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, പെരുമ്പാവൂർ, പിറവം മണ്ഡലങ്ങളിലെ തോൽവി പരിശോധിക്കാനും ജില്ലാകമ്മിറ്റിയിൽ തീരുമാനമായിട്ടുണ്ട്. തലസ്ഥാന ജില്ലയിൽ അരുവിക്കരയിൽ ജില്ലാ സെക്രട്ടേറിയറ്റംഗം വി.കെ. മധു നിസ്സഹകരിച്ചെന്നതും പരിശോധിക്കും. ഇവിടത്തേത് സമ്മേളനം ലാക്കാക്കിയുള്ള നേതൃത്വപോരിന്റെ ഭാഗമാണെന്ന ആക്ഷേപം ഒരു വിഭാഗമുയർത്തുന്നുണ്ട്. പ്രാദേശികമായുണ്ടായ വോട്ടുചോർച്ചകൾ പ്രാദേശികതലത്തിൽ പരിശോധിക്കാനാണ് തീരുമാനം.
കേരള കോൺഗ്രസ്-എമ്മിന്റെ വരവ് ഗുണം ചെയ്തെന്ന് കോട്ടയം, ഇടുക്കി ജില്ലാകമ്മിറ്റികൾ വിലയിരുത്തിയിട്ടുണ്ട്.